സിനിമയ്ക്ക് പിന്നാലെ പദ്മാവതിയിലെ ഗാനത്തിനും വിലക്ക്;നടപടി വിവാദത്തില്‍ 

വിവാദ സര്‍ക്കുലര്‍ പദ്മാവതി സിനിമ പ്രദര്‍ശിപ്പിക്കുന്നതു വിലക്കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ഉത്തരവിട്ടതിന് പിന്നാലെ 
സിനിമയ്ക്ക് പിന്നാലെ പദ്മാവതിയിലെ ഗാനത്തിനും വിലക്ക്;നടപടി വിവാദത്തില്‍ 

ഭോപ്പാല്‍:സിനിമയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ പദ്മാവതിയിലെ പാട്ടിനും വിലക്കേര്‍പ്പെടുത്തിയ നടപടി വിവാദമാകുന്നു.മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പാണ് പദ്മാവതിയിലെ ഘൂമര്‍ എന്ന് തുടങ്ങുന്ന ഗാനം സ്‌കൂളുകളിലെ വിനോദ, സാംസ്‌കാരിക പരിപാടികളില്‍ ഉപയോഗിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച സര്‍ക്കുലറും പുറത്തിറക്കി. നടപടി വിവാദമായതിനു പിന്നാലെ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. സര്‍ക്കുലര്‍ ഇറക്കിയ ഉദ്യോഗസ്ഥനു കാരണം കാണിക്കല്‍ നോട്ടിസും നല്‍കി.

ദേവാസ് ജില്ല വിദ്യാഭ്യാസ ഓഫിസര്‍ രാജീവ് സൂര്യവന്‍ശിയാണു വിവാദ സര്‍ക്കുലര്‍ ഇറക്കിയത്. 'ഘൂമര്‍' എന്ന പാട്ട് ഉപയോഗിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും പ്രധാനാധ്യാപകര്‍ക്കുമാണു സര്‍ക്കുലര്‍ അയച്ചത്. മാതാ പദ്മാവതിയോടുള്ള അനാദരവാണ് സ്‌കൂളുകളില്‍ ഈ പാട്ട് പാടുന്നതിലുടെ സംഭവിക്കുന്നതെന്നു കാട്ടി രാഷ്ട്രീയ രജപുത് കര്‍ണി സേന കത്തുനല്‍കിയിരുന്നു. അതിനാല്‍ ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നത് എന്ന ആരോപണം കണക്കിലെടുത്ത് പാട്ട് സ്‌കൂളുകളില്‍ ഉപയോഗിക്കരുതെന്നാണ് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, സംസ്ഥാന സര്‍ക്കാരിനുമാത്രമേ ഇത്തരം സര്‍ക്കുലറുകള്‍ ഇറക്കാന്‍ അധികാരമുള്ളൂവെന്നും ഡിഇഒയ്ക്ക് അതിന് അധികാരമില്ലെന്നും കലക്ടര്‍ അശീഷ് സിങ് പറഞ്ഞു. ദീപിക പദുക്കോണും ഷാഹിദ് കപൂറും അഭിനയിച്ച പാട്ട് അടുത്തിടെയാണു പുറത്തുവിട്ടത്.
നേരത്തേ, പദ്മാവതി സിനിമ പ്രദര്‍ശിപ്പിക്കുന്നതു വിലക്കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ഉത്തരവിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com