ജയലളിതയുടെ മണ്ഡലത്തില്‍ വോട്ടെടുപ്പ് ഡിസംബര്‍ 21 ന് ; ടിടിവി ദിനകരന്‍ വിമതന്‍

ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഉപതെരഞ്ഞെടുപ്പ് വോട്ടിന് കോഴ നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു
ജയലളിതയുടെ മണ്ഡലത്തില്‍ വോട്ടെടുപ്പ് ഡിസംബര്‍ 21 ന് ; ടിടിവി ദിനകരന്‍ വിമതന്‍

ചെന്നൈ : മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍ കെ നഗര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 21 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 24 ന് നടക്കും. മണ്ഡലത്തില്‍ ജയലളിതയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ വിമത സ്ഥാനാര്‍ത്ഥിയായി ടിടിവി ദിനകരന്‍ മല്‍സരിക്കും. ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഉപതെരഞ്ഞെടുപ്പ് വോട്ടിന് കോഴ നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. അന്ന് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്ന ദിനകരന്റെ അടുത്ത ആളുകളുടെ പക്കല്‍ നിന്നും കോടിക്കണക്കിന് പണം കണ്ടെടുക്കുകയും ചെയ്തിരുന്നു.

പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ അനന്തരവനാണ് ടിടിവി ദിനകരന്‍. അനധികൃത സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല ജിയിലില്‍ പോകുന്നതിന് മുമ്പ് ദിനകരനെ എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. പാര്‍ട്ടി ഭരണഘടന പ്രകാരം ഇല്ലാത്ത പോസ്റ്റ് സൃഷ്ടിച്ചാണ് ദിനകരനെ നിയമിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 

അണ്ണാഡിഎംകെയുടെ ഒദ്യോഗിക പേരും ചിഹ്നവും പളനിസാമി-പനീര്‍സെല്‍വത്തിന് അവകാശപ്പെട്ടതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഇത് ശശികല-ദിനകരന്‍ പക്ഷത്തിന് കനത്ത തിരിച്ചടിയായിരുന്നു. ഉപതെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ ഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഡിസംബര്‍ 31 ന് അകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. 

ആര്‍കെ നഗറിന് പുറമെ, ഉത്തര്‍പ്രദേശിലെ സികന്ദ്ര, പശ്ചിമ ബംഗാളിലെ സബംഗ്, അരുണാചല്‍ പ്രദേശിലെ പക്കെ-കസംഗ്, ലികാബലി മണ്ഡലങ്ങളിലും ഡിസംബര്‍ 21 ന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com