ലോകരാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തിയത് മോദി സര്‍ക്കാര്‍; രാഹുല്‍ ഗാന്ധിക്ക് ബിജെപിയുടെ മറുപടി

ദേശവിരുദ്ധ ശക്തികളെ നിരന്തരം സഹായിക്കുന്ന നിലപാട് സ്വീകരിച്ച് ഇന്ത്യയെ തുടര്‍ച്ചയായി വഞ്ചിക്കുകയായിരുന്നു കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയെന്നും ബിജെപി വക്താവ് ജി വി എല്‍ നരസിംഹ റാവു
ലോകരാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തിയത് മോദി സര്‍ക്കാര്‍; രാഹുല്‍ ഗാന്ധിക്ക് ബിജെപിയുടെ മറുപടി


ന്യൂഡല്‍ഹി : ഹാഫിസ് സെയ്ദ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് ബിജെപിയുടെ മറുപടി. തീവ്രവാദത്തിന്റെ പേരില്‍ പാക്കിസ്ഥാനെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു ബിജെപി കോണ്‍ഗ്രസിന് എതിരെ ആഞ്ഞടിച്ചത്. ഒരു ഇരയാക്കപ്പെട്ട രാജ്യമെന്ന് കണക്കാക്കി പാക്കിസ്ഥാനോട് മൃദുസമീപനമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചത് എന്നും ബിജെപി ആരോപിച്ചു.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദിനെ പാക്കിസ്ഥാന്‍ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ച നടപടിയെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നിലനിര്‍ത്തിയ ആലിംഗന നയതന്ത്രം പരാജയപ്പെട്ടതാണ് ഇതിന് കാരണമെന്ന നിലയിലായിരുന്നു രാഹുലിന്റെ പരിഹാസം. കൂടുതല്‍ ആലിംഗനം അടിയന്തരമായി ആവശ്യമാണ് എന്ന നിലയില്‍ ട്വിറ്ററിലുടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കി കൊണ്ട് ബിജെപി രംഗത്തുവന്നത്.

ദേശവിരുദ്ധ ശക്തികളെ നിരന്തരം സഹായിക്കുന്ന നിലപാട് സ്വീകരിച്ച് ഇന്ത്യയെ തുടര്‍ച്ചയായി വഞ്ചിക്കുകയായിരുന്നു കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയെന്നും ബിജെപി വക്താവ് ജി വി എല്‍ നരസിംഹ റാവു ആരോപിച്ചു. പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ഉദ്ദേശ്യശുദ്ധിയെ തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നത് ഇതിന് ഉദാഹരണമാണെന്നും നരസിംഹ റാവു ചൂണ്ടികാട്ടി.  ബുര്‍ഹാന്‍ വാനി, ജെഎന്‍യുവിലെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എന്നി വിഷയങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകളും എടുത്തുകാട്ടിയായിരുന്നു നരസിംഹ റാവുവിന്റെ വിമര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com