ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയില്‍ എബിവിപിക്ക് കനത്ത തോല്‍വി; ബിജെപി തകര്‍ച്ചയുടെ സൂചനയോ? 

ഗുജറാത്ത് കേന്ദ്രസര്‍വകലാശാലയില്‍ എബിവിപിക്ക് ഏറ്റ തിരിച്ചടി  ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ സംഭവിക്കാന്‍ പോകുന്ന തകര്‍ച്ചയുടെ സൂചനയാകാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തന്നത്
ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയില്‍ എബിവിപിക്ക് കനത്ത തോല്‍വി; ബിജെപി തകര്‍ച്ചയുടെ സൂചനയോ? 

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഗുജറാത്ത് കേന്ദ്രസര്‍വകലാശാലയില്‍ ആര്‍എസ്എസ് വിദ്യാര്‍ത്ഥി വിഭാഗം എബിവിപിക്ക് കനത്ത തോല്‍വി. ഇടത്,ദലിത്, കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനകളുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് എബിവിപിയെ തോല്‍പ്പിച്ചത്. 

ദലിത് സംഘടനയായ ബാപ്‌സ (ബിര്‍സ അംബേദ്കര്‍ഫൂലെ സ്റ്റുഡന്റസ് അസോസിയേഷന്‍) ഇടതുപക്ഷ സംഘടനകളുടെ കൂട്ടായ്മയായ എല്‍ഡിഎസ്എഫ്, കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടന എന്‍എസ്‌യുഐ, ഒബിസി ഫോറം എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു കയറിയത്. ഇവര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചുവെങ്കിലും എബിവിപിക്കെതിരെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണ രംഗത്ത് ശക്തമായുണ്ടായിരുന്നു. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് തുടങ്ങിയവയിലെല്ലാം വലിയ ഭൂരിപക്ഷത്തിനാണ് എബിവിപി സ്ഥാനാര്‍ത്ഥികളെ സ്വതന്ത്രര്‍ പരാജയപ്പെടുത്തിയത്.

ലിംങ്‌ദോ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ സംവിധാനമല്ല ഇവിടെയുള്ളത്. പകരം സ്റ്റുഡന്റ്‌സ് കൗണ്‍സിലാണുള്ളത്. ഓരോ സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ ഒരു പ്രതിനിധിയെ തിരഞ്ഞെടുത്തയ്ക്കും. ഒരു നോമിനേറ്റഡ് അംഗവുമുണ്ടാകും.

ഗുജറാത്ത് കേന്ദ്രസര്‍വകലാശാലയില്‍ എബിവിപിക്ക് ഏറ്റ തിരിച്ചടി  ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ സംഭവിക്കാന്‍ പോകുന്ന തകര്‍ച്ചയുടെ സൂചനയാകാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തന്നത്. വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന സൂചന ശുഭകരമാണെന്നും യുവാക്കള്‍ ബിജെപിയെ സംസ്ഥാനത്ത് നിന്ന് തുടച്ചെറിയുന്നതിനായുള്ള തയ്യാറെടുപ്പിലാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. 

ജെഎന്‍യുവിലും ഡല്‍ഹി സര്‍വകലാശാലയിലും ഹൈദ്രാബാദിലും പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലും ഏറ്റ കനത്ത തോല്‍വിയുടെ ക്ഷീണം മാറുന്നതിന് മുമ്പാണ് സംഘപരിവാറിന്റെ തട്ടകമായ ഗുജറാത്തില്‍, ഇടത്, ദലിത് സംഘടനകള്‍ക്ക് മുന്നില്‍ എബിവിപിക്ക് അടിയറവ് പറയേണ്ടി വന്നിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com