ഗോരഖ്പൂര്‍ കൂട്ടശിശുമരണം; ഡോക്റ്റര്‍ കഫീര്‍ ഖാനെതിരേ കൊലപാതകക്കുറ്റം ചുമത്തി

ഡോക്റ്റര്‍മാരുടെ നോട്ടക്കുറവാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയത് എന്നാരോപിച്ചാണ് ഡോക്റ്ററിനെതിരേ നടപടിയെടുത്തിരിക്കുന്നത്
ഗോരഖ്പൂര്‍ കൂട്ടശിശുമരണം; ഡോക്റ്റര്‍ കഫീര്‍ ഖാനെതിരേ കൊലപാതകക്കുറ്റം ചുമത്തി

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ മുപ്പതില്‍ അധികം കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ഗോരഖ്പൂറിലെ ബിആര്‍ഡി മെഡിക്കല്‍ കൊളേജ് ആശുപത്രിയിലെ മുന്‍ ഡോക്റ്റര്‍ കഫീല്‍ ഖാനിനെതിരേ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി. സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി സിലിണ്ടറുകള്‍ വാങ്ങിയതോടെ കഫീല്‍ ഖാന്‍ വാര്‍ത്തകളില്‍ താരമായിരുന്നു. എന്നാല്‍ ഡോക്റ്റര്‍മാരുടെ നോട്ടക്കുറവാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയത് എന്നാരോപിച്ചാണ് ഡോക്റ്ററിനെതിരേ നടപടിയെടുത്തിരിക്കുന്നത്. 

ഓഗസ്റ്റിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്റ്ററിനെതിരേ ഗൂഡാലോചന, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളും ചുമത്തിയതായി അന്വേഷണ ഉദ്യോഗസ്ഥനായ അഭിഷേക് സിംഗ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. 

സംഭവം നടക്കുമ്പോള്‍ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ നോഡല്‍ ഓഫീസറും ഗോരഖ്പൂര്‍ ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിന്റെ ചുമതലയും കഫീര്‍ ഖാനിനായിരുന്നു. വാടക നല്‍കാത്തതിനെത്തുടര്‍ന്ന് വിതരണക്കാരായ സ്വകാര്യ കമ്പനി ഓക്‌സിജന്‍ നല്‍കുന്നത് വിച്ഛേദിച്ചതാണ് കുട്ടികളുടെ മരണത്തിന് കാരണമായി പറയുന്നത്. എന്നാല്‍ മഴക്കാലത്ത് സംസ്ഥാനത്ത് പടന്നുപിടിക്കുന്ന ജപ്പാന്‍ജ്വരം പോലുള്ള രോഗങ്ങളാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്നാണ് ഗവണ്‍മെന്റിന്റെ വാദം. 

ആശുപത്രിയിലെ ഡോക്റ്റര്‍മാരുടെ തലയില്‍ കുറ്റം കെട്ടിവെച്ച് കൈകഴുകുകയാണ് ഉത്തര്‍പ്രദേശിലെ യോഗി ഗവണ്‍മെന്റ്. മുന്‍ ബിആര്‍ഡി മെഡിക്കല്‍ കൊളേജ് പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയ്ക്കും ഖാനും എതിരായുള്ള രണ്ടാമത്തെ ചാര്‍ജ് ഷീറ്റ് ഗോരഖ്പൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഖാനിനെതിരേ ചുമത്തിയ മൂന്ന് ഐപിസി വകുപ്പുകള്‍ കൂടാതെ മിശ്രയ്‌ക്കെതിരേ ആഴിമതി നിയന്ത്രണ നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. ഖാനിനെതിരേ തെളിവുകള്‍ ഇല്ലാത്തതിനാലാണ് അഴിമതിക്കുറ്റം ചുമത്താതിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ ഒന്‍പത് പേര്‍ ജയിലിലാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലാണ് കുട്ടികള്‍ ശ്വാസം കിട്ടാതെ പിടഞ്ഞ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com