മോദിയുടെ ജനപ്രീതിയില്‍ ഭയം ; കോണ്‍ഗ്രസ് സമുദായ നേതാക്കളില്‍ അഭയം തേടുന്നു: ഗുജറാത്ത് മുഖ്യമന്ത്രി 

സംവരണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണ്. സംവരണത്തിനായി നിലകൊളളുന്ന പ്രക്ഷോഭകാരികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റിനായി വരി നില്‍ക്കുന്ന ഗതിക്കേടില്‍ ആണെന്നും വിജയ് രൂപാണി
മോദിയുടെ ജനപ്രീതിയില്‍ ഭയം ; കോണ്‍ഗ്രസ് സമുദായ നേതാക്കളില്‍ അഭയം തേടുന്നു: ഗുജറാത്ത് മുഖ്യമന്ത്രി 

അഹമ്മദാബാദ്: കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയെ ഭയപ്പെടുന്നതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോദിയുടെ ജനപ്രീതിയെ മറികടക്കാന്‍ കോണ്‍ഗ്രസ് ജാതീയതയില്‍ അഭയം തേടിയിരിക്കുകയാണ്. സമുദായ നേതാക്കള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം പുറംകരാര്‍ നല്‍കിയിരിക്കുകയാണ്. ഹാര്‍ദിക് പട്ടേല്‍- കോണ്‍ഗ്രസ് കൂട്ടുകെട്ട് ബിജെപിയുടെ ജയസാധ്യതകള്‍ക്ക് ഒരുവിധത്തിലും മങ്ങലേല്‍പ്പിക്കില്ലെന്നും വിജയ് രൂപാണി പ്രത്യാശ പ്രകടിപ്പിച്ചു.

സംവരണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണ്. സംവരണത്തിനായി നിലകൊളളുന്ന പ്രക്ഷോഭകാരികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റിനായി വരി നില്‍ക്കുന്ന ഗതിക്കേടില്‍ ആണെന്നും വിജയ് രൂപാണി ആരോപിച്ചു. പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലും കോണ്‍ഗ്രസും തമ്മിലുളള സഹകരണത്തെ തെരഞ്ഞെടുപ്പ് സഖ്യമായി കാണാന്‍ കഴിയുകയില്ല. ഇത് കേവലം രണ്ടുവിഭാഗങ്ങള്‍ തമ്മിലുളള ധാരണ എന്ന നിലയില്‍ മാത്രമേ വിലയിരുത്താന്‍ കഴിയുകയുളളുവെന്നും വിജയ് രൂപാണി വ്യക്തമാക്കി. പട്ടേല്‍ സംവരണം വാഗ്ദാനം നല്‍കിയാണ് ഹാര്‍ദിക് പട്ടേലുമായി കോണ്‍ഗ്രസ് ധാരണയില്‍ എത്തിയത്. എന്നാല്‍ മൊത്തം സംവരണം 50 ശതമാനത്തിന് മുകളില്‍  പാടില്ല എന്ന സുപ്രീംകോടതിയുടെ ഉത്തരവ് മറികടന്ന് ഇത് യാഥാര്‍ത്ഥ്യമാക്കുന്നത് എങ്ങനെയെന്നും വിജയ് രൂപാണി ചോദിച്ചു.  

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന രാഹുല്‍ ഗാന്ധി നുണപ്രചാരണമാണ് അഴിച്ചുവിടുന്നത്. ഇതിനായി കെട്ടിചമച്ച കണക്കുകളാണ് അവതരിപ്പിക്കുന്നത്. തൊഴിലില്ലായ്മ വര്‍ധിച്ചു എന്നാണ് രാഹുല്‍ ഗാന്ധിയുടെ ഒരു ആരോപണം. 30 ലക്ഷം യുവാക്കള്‍ തൊഴില്‍ ഇല്ലാതെ അലയുന്നുവെന്നാണ് രാഹുല്‍ ഗാന്ധി പ്രചരിപ്പിക്കുന്നത്. എന്നാല്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിലെ കണക്കനുസരിച്ച് ഇത് കേവലം ആറു ലക്ഷം മാത്രമാണ്. 182 നിയമസഭാ സീറ്റുകളിലേക്ക്് നടക്കുന്ന  തെരഞ്ഞെടുപ്പില്‍ ബിജെപി 150 സീറ്റുകള്‍ നേടി വിജയിക്കുമെന്ന വിജയ് രൂപാണി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com