കശ്മീരില്‍ ഭീകരാക്രമണം നിര്‍ബാധം തുടരുന്നു, 'മന്‍ കി ബാത്ത്'നടത്തുന്നയാള്‍ തിരിച്ചറിയുന്നില്ലേ?: ശിവസേന 

ജനങ്ങള്‍ക്ക് പകരം ജവാന്മാരെ കൊല്ലപ്പെടുത്തി തീവ്രവാദികള്‍ കശ്മീര്‍ താഴ്‌വരയില്‍ യുവാക്കള്‍ക്കിടയില്‍ ഭീതി പരത്തുകയാണെന്ന് ശിവസേന
കശ്മീരില്‍ ഭീകരാക്രമണം നിര്‍ബാധം തുടരുന്നു, 'മന്‍ കി ബാത്ത്'നടത്തുന്നയാള്‍ തിരിച്ചറിയുന്നില്ലേ?: ശിവസേന 

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരാക്രമണം കുറഞ്ഞുവെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം അടിസ്ഥാനരഹിതമെന്ന് ശിവസേന.ജനങ്ങള്‍ക്ക് പകരം ജവാന്മാരെ കൊല്ലപ്പെടുത്തി തീവ്രവാദികള്‍ കശ്മീര്‍ താഴ്‌വരയില്‍ യുവാക്കള്‍ക്കിടയില്‍ ഭീതി പരത്തുകയാണെന്ന് ശിവസേന ആരോപിച്ചു. ടെറിട്ടോറിയല്‍ ആര്‍മി ജവാന്‍ ഇര്‍ഫാന്‍ അഹമ്മദിന്റെ കൊലപാതകം ഉദാഹരണമായി ചൂണ്ടികാണിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദത്തെ ശിവസേന തളളിയത്.

സേനയിലുളള കശ്മീരി യുവാക്കളുടെ ആത്മവീര്യം ചോര്‍ത്തുന്നതിന് പുതിയ തന്ത്രമാണ് തീവ്രവാദികള്‍ സ്വീകരിക്കുന്നത്.നിഷ്ഠുരമായ ജവാന്റെ കൊലപാതകം പാക്കിസ്ഥാന്റെ ആസൂത്രിത നീക്കമായിരുന്നുവെന്നും ശിവസേന ആരോപിച്ചു. ഇതെല്ലാം പാക്കിസ്ഥാന്റെ മന്‍ കി ബാത് പരിപാടിയാണ്. രാജ്യത്ത് മാസംതോറും മന്‍ കി ബാത് പരിപാടി നടത്തുന്ന ആള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ടോയെന്ന് മുഖപത്രമായ സാമ്്‌നയിലുടെ ശിവസേന ചോദിക്കുന്നു. മെയ് മാസം മറ്റൊരു ജവാനായ ലഫ്റ്റനെന്റ് ഉമ്മര്‍ ഫയാസ് കൊല്ലപ്പെട്ടതും സമാനമായ നിലയിലാണ്. 
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സെയ്ദ് വീട്ടുതടങ്കലില്‍ നിന്നും മോചിതനായത് അതിര്‍ത്തി പ്രദേശങ്ങളില്‍ തീവ്രവാദം കൂടുതല്‍ സജീവമാകാന്‍ ഇടയാക്കുമെന്നും ശിവസേന മുന്നറിയിപ്പ് നല്‍കി. 

ഈ വര്‍ഷം 150 ഓളം തീവ്രവാദികളെ വധിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. കല്ലെറ് അടക്കമുളള മറ്റു അക്രമമാര്‍ഗ്ഗങ്ങള്‍ കുറഞ്ഞതായും കേന്ദ്രം വാദിക്കുന്നു. അതേസമയം സേനയില്‍ ചേരുന്ന യുവാക്കളുടെ കൊലപാതകം നിര്‍ബാധം തുടരുന്നു. രാജ്യത്തെ സേവിക്കാന്‍ കശ്മീരി യുവാക്കള്‍ സേനയില്‍ ചേരുന്നത് തീവ്രവാദികള്‍ക്ക് ദഹിക്കുന്നില്ലെന്നും ശിവസേന മുഖപത്രത്തിലുടെ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com