ഗുജറാത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ജിഗ്നേഷ് മേവാനി

ബിജെപിയെ പരാജയപ്പെടുത്തുന്നതിന് ഏതു മാര്‍ഗവും സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു
ഗുജറാത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ജിഗ്നേഷ് മേവാനി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഗുജറാത്ത് ദലിത് പ്രക്ഷോഭ നേതാവ് ജിഗ്നേഷ് മേവാനി. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ വാദ്ഗാം മണ്ഡലത്തിലാണ് മേവാനി മത്സരിക്കുന്നത്. കോണ്‍ഗ്രസിനായി സിറ്റിംഗ് എംഎല്‍എ മണിഭായ് വഘേലയും ബിജെപിക്കായി വിജയ്ഭായ് ഹര്‍ക്കഭായ് ചക്രവതിയും ഇവിടെ മത്സരിക്കുന്നുണ്ട്. പട്ടികജാതി സംരണ മണ്ഡലമാണ് വാദ്ഗാം. തന്റെ ട്വിറ്ററിലൂടെയാണ് മത്സരിക്കുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. 

ജിഗ്നേഷ് പരസ്യമായി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും, ബിജെപിയെ പരാജയപ്പെടുത്തുന്നതിന് ഏതു മാര്‍ഗവും സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ക്ഷണം ജിഗ്‌നേഷ് നിരസിച്ചിരുന്നു. 

പാട്ടീദാര്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലും ബിജെപിയെ പരാജയപ്പെടുത്തും എന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസിനെ പിന്തുണച്ച് രംഗത്തുണ്ട്. ജിഗ്നേഷ് കൂടി മത്സരംഗത്ത് ഇറങ്ങുമ്പോള്‍ ബിജെപി കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും. 

ഉന ദലിത് മര്‍ദനത്തിന് പിന്നാലെ ഉയര്‍ന്നുവന്ന ദലിത് പ്രക്ഷോഭങ്ങളെ ഏകീകരിച്ച് ദേശീയ മുന്നേറ്റമാക്കി മാറ്റിയത് ജിഗ്നേഷ് മേവാനിയായിരുന്നു. ഗുജറാത്തില്‍ ദലിതരുടെ വലിയ പിന്തുണ ജിഗ്നേഷിനുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com