വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമോ?;  രാഹുല്‍ ഗാന്ധിയുടെ ചുവടുകളെ ഉറ്റുനോക്കി ദേശീയ രാഷ്ട്രീയം

അടുത്തകാലത്തായി വരുണ്‍ ഗാന്ധി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലാണ്. വരുണ്‍ ഗാന്ധിയെ വേണ്ടപോലെ പരിഗണിക്കുന്നില്ലെന്ന് അദ്ദേഹവുമായി  അടുപ്പമുളളവര്‍ വിമര്‍ശിക്കുന്നു.
വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമോ?;  രാഹുല്‍ ഗാന്ധിയുടെ ചുവടുകളെ ഉറ്റുനോക്കി ദേശീയ രാഷ്ട്രീയം

ന്യൂഡല്‍ഹി :  കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുളള രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍, രാഹുല്‍ ഗാന്ധിയുടെ ബന്ധുവും ബിജെപി നേതാവുമായ വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് വരുമോ എന്ന ചോദ്യങ്ങളും സജീവ ചര്‍ച്ചയാകുന്നു. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനമേറ്റെടുത്ത ഉടന്‍ കോണ്‍ഗ്രസിലേക്ക് വരുണ്‍ ഗാന്ധിയെ രാഹുല്‍ ഗാന്ധി ക്ഷണിക്കുമോയെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. നിലവില്‍ ബിജെപിയില്‍ വരുണ്‍ ഗാന്ധിയുടെ വാക്കുകള്‍ക്ക് നേതൃത്വം വലിയ വില കല്‍പ്പിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കോണ്‍ഗ്രസിന് അനുകൂലമായ ഈ രാഷ്ട്രീയ സാഹചര്യവും ഇത്തരം ചര്‍ച്ചകളെ സജീവമാക്കുന്നു. 

അടുത്തകാലത്തായി വരുണ്‍ ഗാന്ധി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലാണ്. വരുണ്‍ ഗാന്ധിയെ വേണ്ടപോലെ പരിഗണിക്കുന്നില്ലെന്ന് അദ്ദേഹവുമായി  അടുപ്പമുളളവര്‍ വിമര്‍ശിക്കുന്നു. കഴിഞ്ഞ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് വേളയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പോലും വരുണ്‍ ഗാന്ധിയെ ചിലര്‍ ഉയര്‍ത്തികാട്ടിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഷ്‌ക്കരണ നടപടികളെ നിരന്തരം  വിമര്‍ശിക്കുന്നു എന്നത് വരുണ്‍ ഗാന്ധിക്ക് പ്രതികൂലമാകുകയായിരുന്നു. തുടര്‍ന്ന് യോഗി ആദിത്യനാഥ് അപ്രതീക്ഷിതമായി ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുവരുകയായിരുന്നു. ബിജെപിയില്‍ വരുണ്‍ ഗാന്ധിയുടെ പ്രസക്തി നഷ്ടപ്പെടാന്‍ മോദിയോടുളള എതിര്‍പ്പ് ഒരു കാരണമായിയെന്ന് രാഷ്ട്രീയ ശത്രുക്കള്‍ പോലും പറയുന്നു. സഞ്ജയ് ഗാന്ധിയുടെ മകനും സുല്‍ത്താന്‍പുര്‍ ലോക്‌സഭാംഗവുമായ വരുണ്‍ ഗാന്ധിയെ യുവാക്കളുടെ ഇടയിലെ തീപ്പൊരി നേതാവ് എന്നാണ് ഒരുകാലത്ത് വിശേഷിപ്പിച്ചിരുന്നത്. 

ഈ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസ് പ്രയോജനപ്പെടുത്തുമെന്നാണ് സൂചന. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് വരുണ്‍ ഗാന്ധി കോണ്‍ഗ്രസ് അംഗമാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹാജി മന്‍സൂര്‍ അഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ സഹോദരി പ്രിയങ്ക ഗാന്ധിയുമായി വരുണ്‍ ഗാന്ധിക്ക് ഊഷ്മളമായ ബന്ധമാണുളളത്. ഇതും വരുണ്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് വഴിയൊരുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതോടെ വലിയ ചലനങ്ങള്‍ക്ക് രാഷ്ട്രീയ രംഗം സാക്ഷിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com