മുംബൈ നഗരത്തെ യുദ്ധഭൂമിയാക്കി മറാത്തി- ഹിന്ദി യുദ്ധം; ഭാഷയുടെ പേരില്‍ വഴിവാണിഭക്കാരും എംഎന്‍എസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി

സൈന്‍ബോര്‍ഡുകള്‍ മറാത്തിയില്‍ എഴുതാത്തതുമായി ബന്ധപ്പെട്ട് മുംബൈ നഗരത്തില്‍ വഴിവാണിഭക്കാരും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും തമ്മില്‍ ഏറ്റുമുട്ടി
മുംബൈ നഗരത്തെ യുദ്ധഭൂമിയാക്കി മറാത്തി- ഹിന്ദി യുദ്ധം; ഭാഷയുടെ പേരില്‍ വഴിവാണിഭക്കാരും എംഎന്‍എസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി

മുംബൈ; സൈന്‍ബോര്‍ഡുകള്‍ മറാത്തിയില്‍ എഴുതാത്തതുമായി ബന്ധപ്പെട്ട് മുംബൈ നഗരത്തില്‍ വഴിവാണിഭക്കാരും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും തമ്മില്‍ ഏറ്റുമുട്ടി. ഞായറാഴ്ച രാത്രി വിക്രോളിയില്‍ വഴിവാണിഭക്കാര്‍ എംഎന്‍എസ് പ്രവര്‍ത്തകരെ അടിച്ചതോടെ ഭാഷകള്‍ തമ്മിലുള്ള യുദ്ധം കനത്തിരിക്കുകയാണ്. ആക്രമണത്തില്‍ മൂന്ന് എംഎന്‍എസ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 

എന്നാല്‍ കടകളിലെ സൈന്‍ബോര്‍ഡുകള്‍ മറാത്തിയില്‍ എഴുതിയില്ല എന്നാരോപിച്ച് എംഎന്‍എസ് പ്രവര്‍ത്തകര്‍ കച്ചവടക്കാരെ മര്‍ദിക്കുകയും കടകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്‌തെന്നാണ് വഴിവാണിഭക്കാര്‍ പറയുന്നത്. എംഎന്‍എസ് പ്രവര്‍ത്തകര്‍ ചെയ്തതിന്റെ ഫലമാണ് അവര്‍ അനുഭവിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ അന്‍സാരിയാണ് സംഭവത്തിന് പിന്നിലെന്നാണ് എംഎന്‍എസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. 

അബ്ദുള്‍ അന്‍സാരി മേഖലയില്‍ 600 തട്ടുകടകളുണ്ടെന്നും അദ്ദേഹത്തിന്റെ ആളുകള്‍ തങ്ങളെ വാളും കത്തിയുമെല്ലാം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്നും എംഎന്‍എസ് വക്താവ് സച്ചിന്‍ മോര്‍ ദേശിയ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തകര്‍ മേഖലയില്‍ പോയി കടകളിലെ സൈന്‍ബോര്‍ഡുകള്‍ മറാത്തിയില്‍ എഴുതണമെന്ന് പറഞ്ഞുകൊണ്ട് ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നെന്നും ഇതാണ് അക്രമിക്കാന്‍ കാരണമെന്നും സച്ചിന്‍ വ്യക്തമാക്കി. 

വടക്കേ ഇന്ത്യയിലെ വഴിവാണിഭക്കാരുടെ പ്രതിഷേധത്തിന് ചുക്കാന്‍പിടിച്ച കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപാണി ആക്രമണത്തെ അനുകൂലിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ഞങ്ങള്‍ ആക്രമണത്തിന് എതിരാണെന്നും എന്നാല്‍ വഴിവാണിഭക്കാര്‍ ആക്രമിക്കപ്പെടുകയാണെങ്കില്‍ തിരിച്ചടിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറേ നാളായി എംഎന്‍എസ് നിയമം കൈയിലെടുക്കാന്‍ തുടങ്ങിയിട്ടെന്നും ചില സമയങ്ങളില്‍ ഇതിന് അവര്‍ക്ക് തിരിച്ചടി ലഭിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com