മുസ്‌ലിമുകള്‍ക്ക് മാത്രമല്ല ആര്‍എസ്എസ് ഭീഷണി; കാവി പ്രത്യയശാസ്ത്രത്തില്‍ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ല: കനയ്യ കുമാര്‍

ബിജെപി രാമക്ഷേത്രം പണിയില്ല. രാമക്ഷേത്രത്തിന്റെ പേരില്‍ രാജ്യത്തെ വിഘടിപ്പിച്ചു നിര്‍ത്തി വോട്ട് നേടാനാണ് ശ്രമം
മുസ്‌ലിമുകള്‍ക്ക് മാത്രമല്ല ആര്‍എസ്എസ് ഭീഷണി; കാവി പ്രത്യയശാസ്ത്രത്തില്‍ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ല: കനയ്യ കുമാര്‍

ഭോപ്പാല്‍: ആര്‍എസ്എസ് മുസ്‌ലിമുകള്‍ക്ക് മാത്രമല്ല ഭീഷണിയെന്നും ദലിതര്‍ക്കും ആദിവാസികള്‍ക്കും ഒബിസിക്കാര്‍ക്കും കൂടിയാണെന്ന് എഐഎസ്എഫ് നേതാവും മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായിരുന്ന കനയ്യ കുമാര്‍. 

ഭോപ്പാലില്‍, ഭോപ്പാല്‍ ജന്‍ ഉത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച യൂത്ത് സന്‍സാദില്‍ സംസാരിക്കുകയായിരുന്നു  അദ്ദേഹം. 

കാവിപ്പട പ്രചരിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തില്‍ മനുഷ്യസ്‌നേഹം തൊട്ടുതീണ്ടിയിട്ടില്ല. ബിജെപി രാമക്ഷേത്രം പണിയില്ല. രാമക്ഷേത്രത്തിന്റെ പേരില്‍ രാജ്യത്തെ വിഘടിപ്പിച്ചു നിര്‍ത്തി വോട്ട് നേടാനാണ് ശ്രമം. പദ്മാവതിയുടെയും അലാവുദ്ദീന്‍ ഖില്‍ജിയുടേയും മഹാറാണ പ്രതാപിന്റെയും അക്ബറിന്റെയും കാര്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ് സംഘപരിവാര്‍. പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിന്ന് ജനജങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഇവര്‍ ഇതെല്ലാം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നുപോലും കൃത്യമായി നടപ്പാക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചിട്ടില്ല. 

രാജ്യാതിര്‍ത്തി ലംഘിച്ച് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തുന്നത് രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് മാത്രമാണ്. അദ്ദേഹം ആരോപിച്ചു. രാജ്യത്തെ 57 ശതമാനം ജനങ്ങള്‍ പറയുന്നത് പട്ടാള ഭരണം വേണം എന്നാണ്. പട്ടാള ഭരണം വേണമെന്ന് ആഗ്രഹമുള്ളവര്‍ തൊട്ടയല്‍പക്കമായ പാകിസ്ഥാനിലേക്ക് നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com