മൂന്ന് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം എട്ട് കഴുതകളെ മോചിപ്പിച്ചു, സംഭവം യുപിയില്‍ 

സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ജയിലിന് പുറത്ത് സ്ഥാപിച്ചിരുന്ന ചെടിചട്ടികളും ചെടികളും നശിപ്പിച്ചതാണ് കഴുതകളെ ജയിലിലാക്കിയത്.
മൂന്ന് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം എട്ട് കഴുതകളെ മോചിപ്പിച്ചു, സംഭവം യുപിയില്‍ 

ഒറൈ ജില്ലാ ജയിലില്‍ നിന്ന് മൂന്ന് ദിവസത്തെ ശിക്ഷയ്ക്ക് ശേഷം എട്ട് കഴുതകള്‍ ഇന്നലെ മോചിപ്പിക്കപ്പെട്ടു. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ജയിലിന് പുറത്ത് സ്ഥാപിച്ചിരുന്ന ചെടിചട്ടികളും ചെടികളും നശിപ്പിച്ചതാണ് കഴുതകളെ ജയിലിലാക്കിയത്. കഴുതകളുടെ ഈ പ്രവര്‍ത്തിമൂലം 50,000രൂപയുടെ നഷ്ടമാണ് ജയില്‍ അധികൃതര്‍ക്ക് ഉണ്ടായിട്ടുള്ളത്. 

കഴുതകളെ ഇനി ജയില്‍ പരിസരത്ത് കാണില്ലെന്ന ഉടമസ്ഥന്റെ ഉറപ്പിനെതുടര്‍ന്ന് അവയെ വിട്ടയയ്ക്കുകയായിരുന്നെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം. മൃഗങ്ങളെ ഇത്തരത്തില്‍ അശ്രദ്ധമായി വിട്ടയയ്ക്കുന്ന ഉടമകളെ ഒരു പാഠം പഠിപ്പിക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്നും ജയില്‍ പരിസരത്തെ ഒരു മുറിക്കുള്ളില്‍ ഇവയെ പൂട്ടിയിടുകയായിരുന്നെന്നും അവര്‍ പറഞ്ഞു. 

സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ഡല്‍ഹി, ആഗ്രാ പോലുള്ള സ്ഥലങ്ങളില്‍ നിന്ന് എത്തിച്ച ചെടികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആട്, പശു, കഴുത തുടങ്ങിയ മൃഗങ്ങല്‍ നശിപ്പിച്ചത്. ഇത്തരം പ്രവര്‍ത്തികള്‍ തടയാനാണ് ഇവയെ പിടിച്ചതെന്നും ഇനി മൃഗങ്ങളെ അശ്രദ്ധമായി ഇത്തരത്തില്‍ വിടരുതെന്ന് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഇവയെ തിരുച്ചുനല്‍കുകയായിരുന്നെന്നും ഒറൈ ജില്ലാ ജയില്‍ എസ് ഐ സീതാറാം ശര്‍മ പറഞ്ഞു. ചെടികള്‍ നശിപ്പിച്ച ആടുകളുടെയും പശുക്കളുടെയും ഉടമകളെ കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും എട്ട് കഴുതകളുടെ ഉടമയെ പോലീസിന് കണ്ടെത്താനായില്ല. ഇതേതുടര്‍ന്നാണ് ഇവയെ ജയിലിലടച്ചത്. കഴുതകളെ ആവശ്യപ്പെട്ട് ജയിലിലെത്തിയ ഉടമ കമലേഷ് കുമാര്‍ മാപ്പ് പറഞ്ഞ് ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് നല്‍കിയതോടെ അവയെ വിട്ടയച്ചു. 

എല്ലാ ദിവസവും മൃഗങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആരെങ്കിലും നടപടിയെടുത്തേ മതിയാകൂ എന്ന് മനസ്സിലാക്കിയതുകൊണ്ട് ഉടമ വരാതെ കഴുതകളെ വിട്ടയയ്ക്കരുതെന്ന് താന്‍ തന്നെയാണ് ആവശ്യപ്പെട്ടതെന്നും സീതാറാം പറഞ്ഞു. ഇതിനാലാണ് കഴുതകള്‍ക്ക് ഇത്രയും ദിവസം ജയിലില്‍ കഴിയേണ്ടിവന്നത്. എന്നാല്‍ യുപി ജയില്‍ വിഭാഗം ഐജി പി കെ മിശ്രയ്ക്ക് ഈ സംഭവത്തകുറിച്ച് അറിവുണ്ടായിരുന്നില്ല. സംഭവം അറിഞ്ഞിരുന്നില്ലെന്നും ഇതെകുറിച്ച് ജയില്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com