ഹിന്ദു തീവ്രവാദ പരാമര്‍ശം: രാഹുല്‍ ഗാന്ധി വിശദീകരണം നല്‍കണമെന്ന് വെല്ലുവിളിച്ച് ബിജെപി 

ലഷ്‌കറെ തോയ്ബയെക്കാള്‍ രാജ്യത്തിന് ഏറ്റവും വലിയ ഭീഷണി ഹിന്ദുതീവ്രവാദമാണ് എന്ന നിലയില്‍ പഴയ യുഎസ് നയതന്ത്ര കേബിളിനെ ഉദ്ധരിച്ചുളള രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പ്രചരണായുധമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ഹിന്ദു തീവ്രവാദ പരാമര്‍ശം: രാഹുല്‍ ഗാന്ധി വിശദീകരണം നല്‍കണമെന്ന് വെല്ലുവിളിച്ച് ബിജെപി 

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, ഹിന്ദു തീവ്രവാദമാണ് രാജ്യത്തിന് ഏറ്റവും വലിയ ഭീഷണിയെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മുന്‍കാല പരാമര്‍ശത്തെ രാഷ്ട്രീയ ആയുധമാക്കാന്‍ ഒരുങ്ങി ബിജെപി. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തോയ്ബയെക്കാള്‍ രാജ്യത്തിന് ഏറ്റവും വലിയ ഭീഷണി ഹിന്ദുതീവ്രവാദമാണ് എന്ന നിലയില്‍ പഴയ യുഎസ് നയതന്ത്ര കേബിളിനെ ഉദ്ധരിച്ചുളള രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പ്രചരണായുധമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിക്കേ , പ്രചാരണ രംഗത്ത് വലിയ മേല്‍ക്കൈ നേടാന്‍ ഇതുവഴി സാധിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. രഹസ്യരേഖകള്‍ പുറത്തുവിടുന്ന സ്ഥാപനമായ വീക്കിലിക്‌സ് ചോര്‍ത്തി പുറത്തുവിട്ട ഈ നയതന്ത്ര കേബിളിലെ ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്ത പരാമര്‍ശങ്ങളെ സംബന്ധിച്ച് രാഹുല്‍ ഗാന്ധി വിശദീകരണം നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുഎസ് നയതന്ത്ര പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാജ്യത്ത് വര്‍ഗീയ ധ്രൂവീകരണതിന് ശ്രമിക്കുന്ന ബിജെപിയുടെ മുഖമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി ലജ്ജിക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.  മുംബൈ ഭീകരാക്രമണം നടന്ന് രണ്ടു വര്‍ഷം കഴിഞ്ഞ് അന്നത്തെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായ ഹിലരി ക്ലിന്റണ്‍ ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സംഘടിപ്പിച്ച അത്താഴവിരുന്നില്‍ ഹിലരി ക്ലിന്റണിനോട് ഒപ്പം അമേരിക്കന്‍ അംബാസഡര്‍ തിമോത്തി റോമറും പങ്കെടുത്തു. തൊട്ടരുകില്‍ ഇരുന്ന രാഹുല്‍ ഗാന്ധിയോട് ലഷ്‌കറെ തോയ്ബയെ കുറിച്ച് തിമോത്തി റോമര്‍ ചോദിച്ചപ്പോഴാണ് ഹിന്ദു ത്രീവ്രവാദമാണ് ഏറ്റവും വലിയ ഭീഷണിയെന്ന പരാമര്‍ശം രാഹുല്‍ ഗാന്ധി നടത്തിയത് എന്നും നയതന്ത്ര കേബിളിനെ ഉദ്ധരിച്ച് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കേബിള്‍ വഴി  തിമോത്തി റോമര്‍ അമേരിക്കയ്ക്ക് കൈമാറിയ രാഹുലിന്റെ വാക്കുകള്‍ വീക്കിലിക്‌സ് ചോര്‍ത്തിയതിന് പിന്നാലെ ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗാര്‍ഡിയന്‍ പത്രമാണ് പ്രസിദ്ധീകരിച്ചത് എന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com