പദ്മാവതി വിവാദം: ഹരിയാന ബിജെപിയില്‍ പൊട്ടിത്തെറി, തലവെട്ടാന്‍ 10 കോടി പ്രഖ്യാപിച്ച നേതാവ് രാജിവെച്ചു

ചിത്രം ഹരിയാനയില്‍ നിരോധിക്കണമെന്ന ആവശ്യം നിരാകരിച്ച ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന ചീഫ് മീഡിയ കോര്‍ഡിനേറ്റര്‍   രാജിവെച്ചു
പദ്മാവതി വിവാദം: ഹരിയാന ബിജെപിയില്‍ പൊട്ടിത്തെറി, തലവെട്ടാന്‍ 10 കോടി പ്രഖ്യാപിച്ച നേതാവ് രാജിവെച്ചു

ന്യൂഡല്‍ഹി :സഞ്ജയ് ലീല ബന്‍സാലി ചിത്രമായ പദ്മാവതിയുമായി ബന്ധപ്പെട്ട് ഹരിയാന ബിജെപിയില്‍ ഭിന്നത രൂക്ഷം. ചിത്രം ഹരിയാനയില്‍ നിരോധിക്കണമെന്ന ആവശ്യം നിരാകരിച്ച ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന ചീഫ് മീഡിയ കോര്‍ഡിനേറ്റര്‍  സുരജ് പാല്‍ അമു രാജിവെച്ചു.  പദ്മാവതിയുടെ സംവിധായകനായ സഞജയ് ലീല ബന്‍സാലിയുടെയും നടി ദീപിക പദുക്കോണിന്റെയും തലവെട്ടുന്നവര്‍ക്ക് പത്തുകോടി രൂപ ഇനാം പ്രഖ്യാപിച്ച് വിവാദത്തിന് വഴിമരുന്നിട്ട ബിജെപി നേതാവാണ് സുരജ് പാല്‍ അമു.

രജപുത്രരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ചിത്രം ഹരിയാനയില്‍ പ്രദര്‍ശിപ്പിക്കരുത് എന്നാണ് സുരജ് പാല്‍ അമുവിന്റെ നിലപാട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ സ്വീകരിച്ചത്. ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ പരിഗണനയിലാണ്. അവരുടെ തീരുമാനം കണക്കിലെടുത്ത് മാത്രമേ ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കണമോ എന്നത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ നിലപാട്് പറയാന്‍ കഴിയുകയുളളുവെന്നാണ് മനോഹര്‍ലാല്‍ ഖട്ടാര്‍ വ്യക്തമാക്കുന്നത്. രജപുത്ര സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടാണ് ഖട്ടാര്‍ സ്വീകരിക്കുന്നത് എന്ന് ചൂണ്ടികാണിച്ചാണ് സുരജ് പാല്‍ അമു രാജിവെച്ചത്. രജപുത്ര വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ അടങ്ങുന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് എതിരെ ആയുധം എടുക്കാന്‍ വരെ തയ്യാറാകുമെന്നും സുരജ് പാല്‍ അമു വീണ്ടും ഭീഷണി മുഴക്കി.

കഴിഞ്ഞ ദിവസം സിനിമയുടെ പ്രദര്‍ശനത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കര്‍ണിസേനയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനും മനോഹര്‍ലാല്‍ ഖട്ടാര്‍ തയ്യാറായിരുന്നില്ല. ഇതും രാജി വെയ്ക്കാന്‍ സുരജ് പാല്‍ അമുവിനെ പ്രേരിപ്പിച്ചുവെന്നാണ് വിവരം. കര്‍ണിസേനയെ അപമാനിക്കാതെ അവരുടെ പരാതി സ്വീകരിക്കാന്‍ ഹരിയാന മുഖ്യമന്ത്രി തയ്യാറാകണമായിരുന്നുവെന്നും സുരജ് പാല്‍ അമു ഓര്‍മ്മിപ്പിച്ചു. 

കഴിഞ്ഞ ദിവസം പത്മാവതി ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സിനിമയ്ക്ക് എതിരായുളള നിലപാട് സ്വീകരിച്ചത് ശരിയായില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com