മോദി-ഇവാന്‍ക അത്താഴവിരുന്ന് ലൈവായി ചാനലില്‍; പ്രധാനമന്ത്രിയുടെ പരിപാടിയില്‍ വന്‍ സുരക്ഷാ വീഴ്ച

ഹൈദരാബാദിലെ ഫലാക്‌നുമ പാലസില്‍ ഇവാന്‍കയ്ക്ക് മോദി അത്താഴവിരുന്ന് ഒരുക്കിയതിന്റെ ദൃശ്യങ്ങള്‍ ഒരു പ്രാദേശിക ടിവി ചാനല്‍ തത്സമയം സംപ്രേക്ഷണം ചെയ്തു
മോദി-ഇവാന്‍ക അത്താഴവിരുന്ന് ലൈവായി ചാനലില്‍; പ്രധാനമന്ത്രിയുടെ പരിപാടിയില്‍ വന്‍ സുരക്ഷാ വീഴ്ച

ഹൈദരാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ വന്‍ സുരക്ഷാ വീഴ്ച. ഹൈദരാബാദിലെ ഫലാക്‌നുമ പാലസില്‍ ഇവാന്‍കയ്ക്ക് മോദി അത്താഴവിരുന്ന് ഒരുക്കിയതിന്റെ ദൃശ്യങ്ങള്‍ ഒരു പ്രാദേശിക ടിവി ചാനല്‍ തത്സമയം സംപ്രേക്ഷണം ചെയ്തു. ഹൈദരാബാദ് പൊലീസ് കമ്മീഷണറുടെ ഓഫീസിലെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ളതാണ് തത്സമയ ദൃശ്യങ്ങള്‍. 

മാധ്യമങ്ങള്‍ക്ക് പ്രവേശനം നിക്ഷേധിച്ചിരുന്ന പരിപാടിയുടെ ദൃശ്യങ്ങള്‍ പുറത്തായത് വലിയ സുരക്ഷാവീഴ്ചയായാണ് കണക്കാക്കുന്നത്. സംഭവം പ്രധാനമന്ത്രിയുടെ ഓഫീസിനേയും സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനേയും ഞെട്ടിച്ചിരിക്കുകയാണ്. 

കണ്‍ട്രോള്‍ റൂമിലേക്ക് എത്തിയ പരിപാടിയുടെ തത്സമയ ദൃശ്യങ്ങളാണ് ചാനല്‍ ഉപയോഗിച്ചിരിക്കുന്നത്. എസ്പിജി ഡയറക്റ്റര്‍ എ.കെ. സിന്‍ഹ തെലുങ്കാന ഡിജിപി എം. മഹേന്ദ്രറെഡ്ഡിയെ വിളിച്ച് സംഭവത്തിന്റെ ഗൗരവം ധരിപ്പിച്ചതിന് ശേഷമാണ് മെഗാ ഇവന്റിന്റെ തത്സമയ സംപ്രേക്ഷണം തടഞ്ഞത്. പ്രധാനമന്ത്രിയുടെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്ര പരിപാടിയുടെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതില്‍ ശക്തമായി വിമര്‍ശിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ശക്തമായ സുരക്ഷയുടെ ഭാഗമായി ഫലാക്‌നുമ പാലസിന്റെ അകത്തും പുറത്തുമായി നിരവധി ക്യാമറകള്‍ ഹൈദരാബാദ് പൊലീസ് സ്ഥാപിച്ചിരുന്നതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ക്യാമറകള്‍ ഹൈദരാബാദ് പൊലീസ് കമ്മീഷണറുടെ ഓഫീസിലുള്ള കണ്‍ട്രോള്‍ റൂമുമായാണ് ബന്ധിപ്പിച്ചിരുന്നത്. കൊട്ടാരത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തത്സമയ ദൃശ്യങ്ങള്‍ ഇവിടേക്കാണ് എത്തിയിരുന്നത്. അത്താഴം ആരംഭിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് പ്രാദേശിക ചാനലുകള്‍ അവരുടെ ഉപകരണങ്ങളുമായി കണ്‍ട്രോള്‍ റൂമില്‍ എത്തുകയും അവിടേക്ക് വന്ന തത്സമയ ദൃശ്യങ്ങളെടുത്ത് സംപ്രേക്ഷണം ആരംഭിക്കുകയായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. 

സംപ്രേക്ഷണം ആരംഭിച്ച് മിനിറ്റുകള്‍ക്കകം സംഭവം അറിഞ്ഞ എസ്പിജി ഡയറക്റ്റര്‍ പിഎംഒ പി.കെ മിശ്രയെ കാര്യം വിളിച്ചറിയിക്കുകയായിരുന്നു. പിന്നീട് തെലുങ്കാന ഡിജിപിയെ വിളിച്ച് സംപ്രേക്ഷണം ഉടന്‍ നിര്‍ത്താന്‍ എസ്പിജി ഡയറക്റ്റര്‍ ആവശ്യപ്പെട്ടു. വലിയ സുരക്ഷാ ഭീഷണി മാത്രമല്ല സ്വകാര്യതയുടേയും പ്രോട്ടോകോളിന്റേയും ലംഘനം കൂടിയാണ് സംഭവത്തെ വിലയിരുത്തുന്നത്. കേന്ദ്രം സുരക്ഷാ വീഴ്ചയെക്കുറിച്ച് തെലുങ്കാന ഗവണ്‍മെന്റിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com