ശരിയാണ്, മോദി പരിഹസിച്ചതുപ്പോലെ ഇന്ദിരഗാന്ധി മൂക്കുപൊത്തിയിരുന്നു ;പക്ഷേ...

മോര്‍ബി സന്ദര്‍ശിക്കുന്നതിനിടെ, മൂക്കുപൊത്തിയ മുന്‍പ്രധാനമന്ത്രി ഇന്ദിരഗാന്ധിയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചരിത്രത്തിന്റെ മറുപടി
ശരിയാണ്, മോദി പരിഹസിച്ചതുപ്പോലെ ഇന്ദിരഗാന്ധി മൂക്കുപൊത്തിയിരുന്നു ;പക്ഷേ...

അഹമ്മദാബാദ്: പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഗുജറാത്തിലെ മോര്‍ബി സന്ദര്‍ശിക്കുന്നതിനിടെ, മൂക്കുപൊത്തിയ മുന്‍പ്രധാനമന്ത്രി ഇന്ദിരഗാന്ധിയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചരിത്രത്തിന്റെ മറുപടി. മോര്‍ബിക്ക് സമീപമുളള ഡാം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിയാനാണ് ഇന്ദിരഗാന്ധി ഗുജറാത്ത് സന്ദര്‍ശിച്ചത് എന്ന് ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

1979 ന് ഓഗസ്റ്റ് 11 നാണ് ആയിരക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ മാച്യൂ ഡാം തകര്‍ന്നത്. ഡാം തകര്‍ന്നതിന് പിന്നാലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് കുത്തിയൊലിച്ച് ഒഴുകി എത്തിയ വെളളം ജനങ്ങള്‍ക്ക് ദുരന്തം സമ്മാനിക്കുകയായിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ച വെളളപ്പൊക്കത്തില്‍ അകപ്പെട്ട് ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്നായിരുന്നു മോദിയുടെ പരിഹാസത്തിന് ഹേതുവായ ഇന്ദിരഗാന്ധിയുടെ മോര്‍ബി സന്ദര്‍ശനം. മൃഗങ്ങളുടെയും മനുഷ്യരുടെയും മൃതദേഹങ്ങള്‍ അഴുകിയതിനെ തുടര്‍ന്ന് മേഖല ദുര്‍ഗന്ധപൂരിതമായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ദിരഗാന്ധി മൂക്കുപൊത്തുന്ന ചിത്രമാണ് ചിത്രലേഖ മാസിക പ്രസിദ്ധീകരിച്ചത്. ചരിത്രം ഇതായിരിക്കേ നരേന്ദ്രമോദി മനപൂര്‍വ്വം വസ്തുതകളെ വളച്ചൊടിച്ചതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

കോണ്‍ഗ്രസ്,ബിജെപി ഭരണങ്ങള്‍ തമ്മിലുളള താരതമ്യത്തിന് മോര്‍ബിയെ മോദി ആയുധമാക്കുകയായിരുന്നു. മോര്‍ബിയില്‍ തന്നെ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി വസ്തുതകളെ വളച്ചൊടിക്കുന്ന പ്രസ്താവന നടത്തിയത്.ജനസംഘത്തിന്റെയും രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ നേതൃത്വത്തില്‍ സുഗന്ധം പരക്കുന്ന നിലയിലേക്ക് മോര്‍ബിയെ മാറ്റിയതായും മോദി അവകാശവാദം ഉന്നയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com