ഇതൊരു കുടുംബ ബിസിനസ് അല്ല; രാഹുലിനെ പരസ്യമായി വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ്

കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്ന ഒരു ടെലിവിഷന്‍ സംവാദത്തിന് രാഹുല്‍ തയാറുണ്ടോയെന്ന് പൂനാവാല
ഇതൊരു കുടുംബ ബിസിനസ് അല്ല; രാഹുലിനെ പരസ്യമായി വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞടുക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പരസ്യ വെല്ലുവിളിയുമായി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ്. ഇതൊരു കുടുംബ ബിസിനസ് അല്ലെന്നും അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കും മുമ്പ് ഉപാധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയാണ് രാഹുല്‍ ചെയ്യേണ്ടതെന്നും മഹാരാഷ്ട്ര പിസിസി സെക്രട്ടറി ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. രാഹുലിനെതിരെ എഐസിസി അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുമെന്ന് പൂനാവാല വ്യക്തമാക്കി.

ഉപാധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ട് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുമ്പോള്‍ രാഹുലിന് അനര്‍ഹമായ ഒരു മേല്‍ക്കൈ കിട്ടും. അത് ഒഴിവാക്കാന്‍ ഉപാധ്യക്ഷ സ്ഥാനം ഒഴിയുകയാണ് രാഹുല്‍ ചെയ്യേണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒരു ഫാമിലി ബിസിനസ് അല്ലല്ലോ? - പൂനാവാല ചോദിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്ന ഒരു ടെലിവിഷന്‍ സംവാദത്തിന് രാഹുല്‍ തയാറുണ്ടോയെന്ന് പൂനാവാല വെല്ലുവിളിച്ചു. നാം രണ്ടുപേരും അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കുന്നവരാണ്. പാര്‍ട്ടിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പരസ്യമായിപങ്കുവയ്ക്കാന്‍ നമുക്കൊരു സംവാദം നടത്താം. രാഹുല്‍ അതിനു തയാറുണ്ടോ? 

സ്വന്തം ഇഷ്ടപ്രകാരം പ്രതിനിധികളെ വയ്ക്കുന്ന ഏര്‍പ്പാടു നിര്‍ത്തുമെന്ന് ഉറപ്പുകിട്ടിയാല്‍ രാഹുലിനെതിരെ മത്സരിക്കും. രാഹുല്‍ ഉപാധ്യക്ഷ പദം ഒഴിയണം എന്നതാണ് മത്സരത്തിനു താന്‍ മുന്നോട്ടുവയ്ക്കുന്ന രണ്ടാമത്തെ നിബന്ധന. ഉപാധ്യക്ഷനായി രാഹുലിനെ തെരഞ്ഞെടുത്തതല്ല, നിയമിച്ചതാണ്. അദ്ദേഹം പദവി ഒഴിയട്ടെ, എന്റെ പദവി ഞാനും     ഒഴിയാം. എന്നിട്ടാകാം മത്സരം- വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ പൂനാവാല പറഞ്ഞു. 

2008-09ല്‍ ആണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. അന്നു മുതല്‍ തന്റെ അധ്വാനവും ഊര്‍ജവും ചെലവഴിച്ചാണ് നേതൃത്വത്തിലേക്ക് എത്തിയത്. എട്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷം 2016ല്‍ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായി. എന്നാല്‍ ഇതേ കാലം കൊണ്ടുതന്നെ രാഹുല്‍ സ്വന്തം കുടുംബപേരിന്റെ പേരില്‍ എംപിയും ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡന്റും ആയെന്ന് പൂനാവാല ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com