രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് യുപിയില്‍: നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

കുറ്റകൃത്യങ്ങള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നാലാം സ്ഥാനത്താണ് കേരളം. രണ്ടാം സ്ഥാനത്ത് മധ്യപ്രദേശും മൂന്നാം സ്ഥാനത്ത് മഹാരാഷ്ട്രയുമാണ്
രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് യുപിയില്‍: നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് ഉത്തര്‍ പ്രദേശിലാണെന്ന് റിപ്പോര്‍ട്ട്. 2016 ലെ കണക്കുകള്‍ പ്രകാരം 9.5 ശതമാനം കുറ്റകൃത്യങ്ങളും നടക്കുന്നത് യുപിയിലാണെന്ന് നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. കുറ്റകൃത്യങ്ങള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നാലാം സ്ഥാനത്താണ് കേരളം. രണ്ടാം സ്ഥാനത്ത് മധ്യപ്രദേശും മൂന്നാം സ്ഥാനത്ത് മഹാരാഷ്ട്രയുമാണ്. 

ഉത്തര്‍ പ്രദേശില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ 2015ല്‍ ഉണ്ടായിരുന്നതിനെക്കാള്‍ 2.9ശതമാനം വര്‍ധനവാണ് 2016ല്‍ സംഭവിച്ചിരിക്കുന്നത്. 49,262 (14.5%) കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബംഗാളാണ് രണ്ടാം സ്ഥാനത്ത് – 32,513 (9.6%). ഡല്‍ഹിയിലാണ് സ്ത്രീകള്‍ക്കെതിരെ ഏറ്റവുമധികം അതിക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ദേശീയ സൂചികയില്‍ 55.2 ശതമാനമാണ് കുറ്റകൃത്യം.

കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും യുപി തന്നെയാണ് മുന്നില്‍. തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് യുപിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 9,657 കേസുകളാണ്. തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയില്‍ 7,596 ഉം മധ്യപ്രദേശില്‍ 6,106 കേസും റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. യുപിയില്‍ 4,954 പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളപ്പോള്‍ മഹാരാഷ്ട്രയില്‍ ഇത് 7,815 ഉം മധ്യപ്രദേശില്‍ 4,717 ഉം ആണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കുട്ടികള്‍ക്കെതിരായ അക്രമങ്ങളില്‍ വന്‍വര്‍ധനയാണുണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം കുറ്റകൃത്യങ്ങള്‍ കുറയുന്നുവെന്ന് ബിജെപി പ്രചരിപ്പിച്ചിരുന്നു. ഇത് തെറ്റാണ് എന്ന് തെളിയിക്കുന്ന നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com