അമിത കീടനാശിനി ഉപയോഗം: മഹാരാഷ്ട്രയില്‍ 18 മരണം

മഹാരാഷ്ട്രയില്‍ വിളകള്‍ക്ക് അടിക്കുന്ന കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ചു.
അമിത കീടനാശിനി ഉപയോഗം: മഹാരാഷ്ട്രയില്‍ 18 മരണം

നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ വിളകള്‍ക്ക് അടിക്കുന്ന കീടനാശിനി ശ്വസിച്ച് 18 പേര്‍ മരിച്ചു. 467 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരെല്ലാം കര്‍ഷകരാണ്. യവാത്മല്‍ ജില്ലയില്‍ ഏതാനും ആഴ്ചകള്‍കള്‍ക്കുള്ളിലാണ് പരുത്തിച്ചെടികള്‍ക്കടിക്കുന്ന കീടനാശിനി ശ്വസിച്ച് ഇത്രയും ആളുകള്‍ക്ക് ജീവന്‍ നഷ്ടമായത്. കര്‍ഷക ആത്മഹത്യയുടെ പേരില്‍ വാര്‍ത്തകളില്‍ നിറയാറുള്ള പ്രദേശം കൂടിയാണ് യവാത്മല്‍

മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം സഹായധനം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പ്രഖ്യാപിച്ചു. കര്‍ഷക മരണങ്ങള്‍ നടന്ന മേഖലയിലെ കര്‍ഷകര്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രദേശത്തെ പ്രധാനപ്പെട്ട കാര്‍ഷിക വിളയായ പരുത്തിയ്ക്ക് ഉപയോഗിക്കുന്ന 'പ്രൊഫെക്‌സ് സൂപ്പര്‍' എന്ന കീടനാശിനിയാണ് കര്‍ഷകരുടെ മരണത്തിന് ഇടയാക്കിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രൊഫെഫോനോസ്, സൈപ്പെര്‍ മെത്രിന്‍ എന്നീ രാസവസ്തുക്കളാണ് ഇതിലടങ്ങിയിട്ടുള്ളത്. കീടനാശിനി തെളിച്ച പതിനെട്ട് കര്‍ഷകരാണ് മരിച്ചത്. ചില കര്‍ഷകര്‍ക്ക് വിഷബാധയേറ്റ് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

കാലാവസ്ഥാ വ്യതിയാനം മൂലം പരുത്തി ചെടികളില്‍ കീടങ്ങളുടെ ആക്രമണം വളരെ കൂടുതലായതുകൊണ്ടാണ് കര്‍ഷകര്‍ കൂടുതല്‍ വീര്യം കൂടിയ കീടനാശിനികള്‍ തുടര്‍ച്ചയായി പ്രയോഗിക്കാന്‍ കാരണം. ഇത്തരം കീടനാശിനികള്‍ പ്രയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കര്‍ഷകര്‍ സ്വീകരിച്ചിരുന്നില്ല. ഇതാണ് അപകടം രൂക്ഷമാകാന്‍ ഇടയാക്കുന്നതെന്നാണ് വിവരം.

അതേസമയം സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വളരെ കുറവാണെന്നും പത്ത് ലക്ഷം രൂപ ധനസഹായം നല്‍കണമെന്നും മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളും കര്‍ഷക സംഘടനകളും രംഗത്തെത്തി. എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കിയ സര്‍ക്കാര്‍ കര്‍ഷകരോട് വിവേചനം കാണിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. മാത്രമല്ല ആഴ്ചകളായി തുടരുന്ന കര്‍ഷകമരണങ്ങള്‍ സര്‍ക്കാര്‍ മൂടിവയ്ക്കാന്‍ ശ്രമിച്ചെന്നും 
ഉന്നത കേന്ദ്രങ്ങളിലേയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്. മാധ്യമങ്ങളിലൂടെ സംഭവം പുറംലോകമറിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com