പോപ്പുലര്‍ ഫ്രണ്ടിന് കോടികളുടെ വിദേശ സഹായം, പണം ഉപയോഗിക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിനെന്ന് എന്‍ഐഎ

പോപ്പുലര്‍ ഫ്രണ്ടിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു
പോപ്പുലര്‍ ഫ്രണ്ടിന് കോടികളുടെ വിദേശ സഹായം, പണം ഉപയോഗിക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിനെന്ന് എന്‍ഐഎ

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്ന് കോടികളുടെ ധനസഹായം ലഭിക്കുന്നതായും ഇതില്‍ നല്ലൊരു പങ്കും ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും എന്‍ഐഎ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തു നടക്കുന്ന മതംമാറ്റങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആരോപണങ്ങള്‍ ഉയരുന്നതിനിടെ മംഗളം ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

വിദേശത്തുനിന്ന് വ്യക്തികളുടെ പേരില്‍ എത്തുന്ന പണം സംഘടനയ്ക്കു കൈമാറുന്നതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രീതിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ വേരോട്ടമുള്ള സംഘടനകളില്‍നിന്നാണ് പണം എത്തുന്നത്. മതപ്രചാരണത്തിന് എന്ന പേരില്‍ ഗള്‍ഫ് രാജ്യങ്ങളിലെ വ്യവസായികളില്‍നിന്ന് പണം കണ്ടെത്തുന്നതായും ആരോപണമുണ്ട്. 

സംഘപരിവാര്‍ സംഘടനകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ ആക്രമണം നടത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അബ്ദുല്‍ മജീദിനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്ത സംഭവമാണ് ഇതില്‍ പ്രധാനം. അബ്ദുല്‍ മജീദില്‍നിന്നു ലഭിച്ച വിവരങ്ങളെത്തുടര്‍ന്ന് അടച്ചിട്ട വീട്ടില്‍നിന്ന് റിവോള്‍വര്‍ അടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. ഓമശ്ശേരി മേഖലയിലെ ക്ഷേത്രങ്ങളുടെ സ്‌കെച്ചുകളും റൂട്ട് മാപ്പുകളും ഇതോടൊപ്പം കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബിന്‍ ലാദന്റെയും സദ്ദാം ഹുസൈന്റെയും മരണത്തെത്തുടര്‍ന്ന് പോ്പ്പുലര്‍ ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിച്ചത് ആഗോള ഭീകരതയുടെ വേരുകള്‍ കേരളത്തിലേക്കു നീണ്ടതിനു തെളിവാണന്നാണ് റിപ്പോട്ട് പറയുന്നത്. മുംബൈ ഭീകരാക്രമണത്തിലെ പ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മയ്യിത്ത് നമസ്‌കാരം നടത്തിയതായി എന്‍എഐ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

തീവ്ര ഇടതുപക്ഷ സ്വഭാവമുള്ള സംഘടനകളുമായി പോപ്പുലര്‍ ഫ്രണ്ടിനു ബന്ധമുണ്ട്. പരിസ്ഥിതി, മനുഷ്യാവകാശം, ആദിവാസി-ദലിത് ഭൂസമരം തുടങ്ങിയ വിഷയങ്ങളില്‍ സമരത്തിന്റെ മറപിടിച്ച് വിഭാഗീയത വളര്‍ത്തുകയാണ് സംഘടന ചെയ്യുന്നത്. കേരളത്തില്‍ എല്ലാ ജില്ലയിലും സംഘടനയുടെ പ്രവര്‍ത്തനമുണ്ടെങ്കിലും കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ സജീവമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ രാഷ്ട്രീയകക്ഷികളുടെ യുവജന സംഘടനകളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കാന്‍ ഒരു രാഷ്ടീയ കക്ഷിയും തയാറായിട്ടില്ലെന്നും എന്‍ഐഎ റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനങ്ങളിലെ ഇന്റലിജന്‍സ് യൂണിറ്റുകള്‍, കസ്റ്റംസ് തുടങ്ങിയ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ഏകോപിപ്പിച്ചാണ് എന്‍ഐഎ റിപ്പോര്‍ട്ട് തയാറാക്കിയത് എന്നാണ് പത്രം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com