സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കുന്നു, അഞ്ചിലും എട്ടിലും പരീക്ഷ വരും

തോല്‍ക്കുന്നവര്‍ക്ക് അടുത്ത ക്ലാസിലേക്കു പ്രമോഷന്‍ നല്‍കില്ല. തോല്‍ക്കുന്നവര്‍ക്ക് ഇംപ്രൂവ്‌മെന്റിന് അവസരം നല്‍കുമെന്നും ജാവഡേക്കര്‍
സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കുന്നു, അഞ്ചിലും എട്ടിലും പരീക്ഷ വരും

ന്യൂഡല്‍ഹി: പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കാന്‍ സിബിഎസ്ഇ ഒരുങ്ങുന്നു. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വരുത്തുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായി പത്താംക്ലാസ് പരീക്ഷ തിരിച്ചുകൊണ്ടുവരാനാണ് സിബിഎസ്ഇ ഒരുങ്ങുന്നത്. അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പരീക്ഷ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.

നിലവില്‍ സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം എഴുതിയാല്‍ മതി. ബോര്‍ഡ് പരീക്ഷയോ സ്‌കൂള്‍ തല പരീക്ഷയോ തെരഞ്ഞെടുക്കാന്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നതാണ് ഇപ്പോഴത്തെ രീതി. ഇരുപരീക്ഷകള്‍ക്കും ഒരേ വെയ്‌റ്റേജാണ് തുടര്‍ പഠനത്തില്‍ നല്‍കുന്നത്. സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് അധിക മാര്‍ക്ക് നല്‍കുന്നതായും ബോര്‍ഡ് പരീക്ഷയെഴുതുന്നവര്‍ക്ക് ഇത് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

അഞ്ച്, എട്ട് ക്ലാസുകളില്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ഈ പരീക്ഷയില്‍ തോല്‍ക്കുന്നവര്‍ക്ക് അടുത്ത ക്ലാസിലേക്കു പ്രമോഷന്‍ നല്‍കില്ല. തോല്‍ക്കുന്നവര്‍ക്ക് ഇംപ്രൂവ്‌മെന്റിന് അവസരം നല്‍കുമെന്നും ജാവഡേക്കര്‍ വ്യക്തമാക്കി. നിലവില്‍ എട്ടാം ക്ലാസുവരെ തോല്‍വി ഇല്ലാത്ത പഠനമാണ് സിബിഎസ്ഇയില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com