ഗോധ്ര ട്രെയിന്‍ തീവയ്പ്പ്: 11 പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു

ട്രെയിന്‍ തീവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പത്തു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
ഗോധ്ര ട്രെയിന്‍ തീവയ്പ്പ്: 11 പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു

അഹമ്മദാബാദ്: ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസില്‍ പതിനൊന്നു പേരുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു. ട്രെയിന്‍ തീവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പത്തു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ക്രമസമാധാന നില പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി വിധിന്യായത്തില്‍ ഗുജറാത്ത് ഹൈക്കോടതി വിമര്‍ശിച്ചു.

കേസില്‍ വധശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. വിചാരണ കോടതി വിധിച്ച ഇരുപതു പേരുടെ ജീവപര്യന്തം തടവു ശിക്ഷയില്‍ മാറ്റം വരുത്തിയിട്ടില്ല. 63 പേരെ വെറുതെവിട്ട നടപടിക്കെദതിരെ ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി. കേസില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവുമാണ് വിചാരണ കോടതി വിധിച്ചിരുന്നത്. 

2002 ഫെബ്രുവരി 27ന് ഗോധ്രയില്‍ വച്ചുണ്ടായ ട്രെയിന്‍ തീവയ്പില്‍ 59 പേരാണ് മരിച്ചത്. അയോധ്യയില്‍ നിന്നു മടങ്ങുകയായിരുന്ന കര്‍സേവകരാണ് ട്രെയിനിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും. സബര്‍മതി എക്‌സ്പ്രസിനു തീവച്ച നടപടിയോടു പ്രതികാരമെന്ന വിധമാണ് ഗുജറാത്തിന്റെ ചരിത്രത്തെ തന്നെ മാറ്റിമറിച്ച വംശഹത്യ അരങ്ങേറിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com