ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും; അധികാരം പിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസും ബിജെപിയും

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനായി കോണ്‍ഗ്രസിന്റെ സ്‌ക്രീനിംഗ് കമ്മിറ്റി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും
ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും; അധികാരം പിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസും ബിജെപിയും

ന്യൂഡല്‍ഹി : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. അതിനിടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനായി കോണ്‍ഗ്രസിന്റെ സ്‌ക്രീനിംഗ് കമ്മിറ്റി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം. 

അതിനിടെ ഗുജറാത്തില്‍ അധികാരം പിടിക്കുക ലക്ഷ്യമിട്ട് ബിജെപിയും കോണ്‍ഗ്രസും സംസ്ഥാനത്ത് പ്രചാരണം ശക്തമാക്കി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബിജെപിയ്‌ക്കെതിരെ വിശാ ലസഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്. രാഹുലുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ ഒബിസി നേതാവ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 

അതേസമയം പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേലിനെയും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയെയും സഖ്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹലോട്ട് ഇന്നലെ ഇരുവരുമായും രഹസ്യചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. 

ബിജെപിയും സംസ്ഥാനത്ത് അധികാരം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തില്‍ തമ്പടിച്ച് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം സൗരാഷ്ട്രയെയും ദക്ഷിണ ഗുജറാത്തിനെയും ബന്ധിപ്പിക്കുന്ന 650 കോടിയുടെ ഫെറി സര്‍വീസ് ഉദ്്ഘാടനം ചെയ്തിരുന്നു. 

ഗുജറാത്തിനൊപ്പംവോട്ടെടുപ്പ് നടക്കേണ്ട ഹിമാചല്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് തീയതി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗുജറാത്തില്‍ വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കാത്തത്, വന്‍ പദ്ധതി പ്രഖ്യാപനത്തിന് ബിജെപിയെ സഹായിക്കാനാണെന്നായിരുന്നു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആരോപിച്ചിരുന്നത്. എന്നാല്‍ ഉത്സവ സീസണും, പ്രളയക്കെടുതിയെ തുടര്‍ന്നുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് വോട്ടെടുപ്പ് തീയതി പ്രഖ്യാപനം നീട്ടിയതെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍കുമാര്‍ ജ്യോതി വിശദീകരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com