പശുക്കള്‍ക്ക് പിജി ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്താനൊരുങ്ങി ഹരിയാന സര്‍ക്കാര്‍ 

നഗരങ്ങളില്‍ പശുക്കള്‍ക്കും കാളകള്‍ക്കും താമസിക്കാന്‍ പേയിങ് ഗസ്റ്റ് സൗകര്യമൊരുക്കുമെന്ന് ഹരിയാന സര്‍ക്കാര്‍.
പശുക്കള്‍ക്ക് പിജി ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്താനൊരുങ്ങി ഹരിയാന സര്‍ക്കാര്‍ 

ചണ്ഡീഗഡ്: നഗരങ്ങളില്‍ പശുക്കള്‍ക്കും കാളകള്‍ക്കും താമസിക്കാന്‍ പേയിങ് ഗസ്റ്റ് സൗകര്യമൊരുക്കുമെന്ന് ഹരിയാന സര്‍ക്കാര്‍. ഹരിയാനയിലെ പ്രധാന നഗരങ്ങളിലെല്ലാം ഈ സൗകര്യമേര്‍പ്പെടുത്താനാണ് ബിജെപി സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാന ആനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് ഡയറി മിനിസ്റ്റര്‍ ഓം പ്രകാശ് ധന്‍കര്‍ ആണ് വിചിത്രമായ നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഈ തീരുമാനത്തെ വിമര്‍ശിച്ചും അനുകൂലിച്ചുമുള്ള അഭിപ്രായങ്ങളാണ് മുന്നോട്ടുവരുന്നത്.

പശുക്കളെ വളര്‍ത്താനും പാല്‍ ഉല്‍പ്പാദിപ്പിക്കാനും വേണ്ടി  നഗരപ്രദേശങ്ങളില്‍ ജീവിക്കുന്നവരെ സഹായിക്കാനായാണ് പശുക്കള്‍ക്ക് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതെന്ന് ധന്‍കര്‍ പറഞ്ഞു. ഹരിയാനയിലെ പ്രധാന നഗരങ്ങളില്‍ 50- 100 ഏക്കറോളം സ്ഥലത്താണ് പശുക്കളുടെ ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ ആലോചിച്ചിട്ടുള്ളത്. 

'ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ പത്താം നിലയില്‍ താമസിക്കുന്നയാളാണെങ്കില്‍ അയാള്‍ക്ക് ഗോപരിപാലനത്തിന്റെയും ശുദ്ധമായ പാല്‍ ലഭിക്കുന്നതിന്റെയുമൊന്നും സന്തോഷം ലഭ്യമാവുകയില്ല. എന്നാല്‍ ഇതുപോലൊരു സൗകര്യമുണ്ടെങ്കില്‍ നഗരത്തിലുള്ള ഏതൊരാള്‍ക്കും ഹോസ്റ്റലില്‍ നിര്‍ത്തി പശുവിനെ വളര്‍ത്താം. കൂടാതെ മതപരമായ അവകാശങ്ങള്‍ക്കായി 'ഗോ സേവാ' ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പശു ഹോസ്റ്റലുകള്‍ വലിയൊരു ആശ്വാസമാകും'- ധന്‍കര്‍ വ്യക്തമാക്കി.

അതേസമയം ഐഎന്‍എല്‍ഡി നേതാവ് അഭയ് ചൗട്ടാല പശുക്കളുടെ ഹോസ്റ്റല്‍ എന്ന സംരംഭത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇവിടെ മനുഷ്യര്‍ക്ക് തന്നെ താമസിക്കാനിടമില്ലാത്ത സാഹചര്യത്തില്‍ പശുക്കള്‍ക്ക് ഹോസ്റ്റല്‍ നിര്‍മ്മിക്കുകയാണോ എന്നാണ് അദ്ദേഹം ചോദിച്ചത്. മാത്രമല്ല, ഇത് വെറും പബ്ലിസിറ്റി നേടിയെടുക്കാനുള്ള ശ്രമമാണെന്നും ചൗട്ടാല കുറ്റപ്പെടുത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com