പാര്‍ട്ടിയില്‍ ചേരാന്‍ ഒരുകോടി; ബിജെപി ഗുജറാത്ത് പ്രസിഡന്റിനെതിരെ കേസ് ഫയല്‍ ചെയ്ത് നരേന്ദ്ര പട്ടേല്‍

ബിജെപിയില്‍ ചേരാനായി ഒരുകോടി രൂപ വാഗ്ദാനം ചെയ്ത ബിജെപി ഗുജറാത്ത് പ്രസിന്റ് ജിതു വഗാനിക്കെതിരെ കേസ് ഫയല്‍ ചെയ്ത് പട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ്
പാര്‍ട്ടിയില്‍ ചേരാന്‍ ഒരുകോടി; ബിജെപി ഗുജറാത്ത് പ്രസിഡന്റിനെതിരെ കേസ് ഫയല്‍ ചെയ്ത് നരേന്ദ്ര പട്ടേല്‍

അഹമ്മദാബാദ്: ബിജെപിയില്‍ ചേരാനായി ഒരുകോടി രൂപ വാഗ്ദാനം ചെയ്ത ബിജെപി ഗുജറാത്ത് പ്രസിന്റ് ജിതു വഗാനിക്കെതിരെ കേസ് ഫയല്‍ ചെയ്ത് പട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് നരേന്ദ്ര പട്ടേല്‍. തന്നെ ബിജെപിയില്‍  ചേര്‍ക്കാനായി ഇടനിലക്കാരനായി നിന്ന വരുണ്‍ പട്ടേലിനെതിരെയും നരേന്ദ്ര പട്ടേല്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് വരുണ്‍ പട്ടേല്‍ പട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. വരുണ്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ നരേന്ദ്ര പട്ടേലും ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ഞായറാഴ്ച പത്രസമ്മേളനം വിളിച്ചുകൂട്ടിയ നരേന്ദ്ര പട്ടേല്‍ ബിജെപി തന്നെ പണം തന്ന് പാര്‍ട്ടിയില്‍ ചേര്‍ത്തതാണെന്ന് തുറന്നുപറഞ്ഞിരുന്നു. 

ബിജെപി പ്രസിഡന്‍ര് വഗാനിയും ബിജെപിയുടെ യൂത്ത് വിങ് നേതാവ് റുത്വിക് പട്ടേലും പാര്‍ട്ടി വക്താവ് ഭാരത് പാണ്ഡയും വരുണ്‍ പട്ടേലും തന്നെ ഭീഷണിപ്പെടുത്തുകയും പാര്‍ട്ടിയില്‍ ചേരാനായി കൈക്കൂലി നല്‍കുകയായിരുന്നുവെന്നും നരേന്ദ്ര പട്ടേല്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപി നേതാക്കളില്‍ നിന്നും ആദ്യഗഡുവായ പത്ത് ലക്ഷം രൂപ താന്‍ കൈപ്പറ്റിയത് അവരുടെ ഈ കളി ജനങ്ങളെ അറിയിക്കാന്‍ വേണ്ടിയാണെന്നും ബിജെപിയുടെ യഥാര്‍ത്ഥമുഖം ആളുകള്‍ക്ക് മുന്‍പില്‍ തുറന്നുകാട്ടാന്‍ വേണ്ടിയായിരുന്നെന്നും നരേന്ദ്ര പട്ടേല്‍ പറയുന്നു.

വരുണ്‍ പട്ടേല്‍ ബിജെപി നേതാക്കളുടെ അടുത്തേക്ക് എന്നെ കൊണ്ടുപോയത് ഒരുകോടി രൂപ നല്‍കാമെന്ന് പറഞ്ഞത്. ഞാന്‍ പത്ത് ലക്ഷം രൂപ കൈപറ്റിയത് അദ്ദേഹത്തിന്റെ കൈയില്‍ നിന്നാണ്. ഇത് അഴിമതിപ്പണമാണ്. ഞാന്‍ കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതല്ല. അതുകൊണ്ട് തന്നെ ഈ പണം തിരിച്ചുനല്‍കും. പട്ടിദാര്‍ സമത്തിന്റെ മുന്നണിയില്‍ തന്നെ ഇനിയും ഉണ്ടാകും, നരേന്ദ്ര പട്ടേല്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ളവര്‍ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് ബിജെപിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com