ചൈനയെ പ്രതിരോധിക്കാന്‍ ലഡാക്കില്‍ പുതിയ പാലം തുറന്ന് ഇന്ത്യ

ചൈന അതിര്‍ത്തിയോട് ചേര്‍ന്നുളള നിരവധി ലിങ്ക് റോഡുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ലേ- ലോമ പാതയിലാണ് പുതിയ പാലം
ചൈനയെ പ്രതിരോധിക്കാന്‍ ലഡാക്കില്‍ പുതിയ പാലം തുറന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലെ റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്ന നടപടികള്‍ ഇന്ത്യ വേഗത്തിലാക്കുന്നു. യുദ്ധം പോലുളള അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പര്യാപ്തമെന്നോണം അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ നീക്കം. തന്ത്രപ്രധാനമായ ലഡാക്കില്‍ പുതിയതായി പണിത പാലം നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തു. ശീത മരുഭൂമി എന്നറിയപ്പെടുന്ന ലഡാക്കിലെ ജനങ്ങള്‍ക്ക് മുഖ്യധാരയുമായുളള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പാലം. ഒരു മാസത്തിനുളളില്‍ മേഖലയില്‍ പണിയുന്ന മൂന്നാമത്തെ പാലമാണിത് എന്ന് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ വക്താവ് പറഞ്ഞു. ചൈന അതിര്‍ത്തിയിലേക്കുളള വാഹന നീക്കം കാര്യക്ഷമമാക്കാന്‍ ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വഴി സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. 


ദേശീയ പാതയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ലേ- ലോമ റോഡിലാണ് പുതിയ പാലം പണികഴിപ്പിച്ചിരിക്കുന്നത്. 30 മീറ്റര്‍ വരുന്ന വലിയ പാലമാണ് ഇവിടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ചൈന അതിര്‍ത്തിയില്‍ എളുപ്പം എത്താന്‍ കഴിയുന്ന റോഡ് എന്ന നിലയില്‍ ഇതിന് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. അതിര്‍ത്തിയോട് ചേര്‍ന്നുളള നിരവധി ലിങ്ക് റോഡുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ലേ- ലോമ പാത വികസിപ്പിക്കുന്നത്.  പ്രൊജക്ട് ഹിമാങ്കിന്റെ ഭാഗമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ലേയുടെ വികസനം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടാ്ണ് പ്രൊജക്ട് ഹിമാങ്ക് വിഭാവനം ചെയ്തിരിക്കുന്നത്. ആധുനിക പാലങ്ങളും റോഡുകളും നിര്‍മ്മിച്ച് ഗതാഗതസൗകര്യം മെച്ചപ്പെടുത്തുകയാണ് ഇതില്‍ മുഖ്യം. തന്ത്രപ്രധാന മേഖല എന്ന നിലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാനാണ് അതിര്‍ത്തി മേഖലയില്‍ റോഡ് നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ നടപടി സ്വീകരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com