യുപിയില്‍ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് എട്ടുവയസ്സുകാരന്‍ മരിച്ചു;  കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിജിപിയ്ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെടുകയായിരുന്നെന്ന് നാട്ടുകാര്‍
യുപിയില്‍ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് എട്ടുവയസ്സുകാരന്‍ മരിച്ചു;  കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിജിപിയ്ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് എട്ടുവയസ്സുകാരന്‍ മരിച്ചു. മന്ത്രി ഓംപ്രകാശ് രാജ്ഭറിന്റെ അകമ്പടി വാഹനമിടിച്ചായിരുന്നു അപകടം. ശനിയാഴ്ച രാത്രി ഗോണ്ട ജില്ലയിലെ കേണല്‍ ഗഞ്ച് -പരസ്പൂര്‍ റോഡിലാണ് സംഭവം. ശിവ ഗോസ്വാമി എന്ന കുട്ടിയാണ് മരിച്ചത്. അമ്മയ്ക്കും മുത്തശ്ശിയ്ക്കുമൊപ്പം റോഡരികില്‍ കളിച്ചുകൊണ്ടിരിക്കെയാണ് മന്ത്രിയുടെ അകമ്പടി വാഹനം കുട്ടിയെ ഇടിച്ചുതെറിപ്പിച്ചത്. 

തെറിച്ചുവീണ കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെടുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു. അകമ്പടി വാഹനത്തിനൊപ്പം മന്ത്രിയും ഉണ്ടായിരുന്നെന്നും, എന്നാല്‍ ആരും വാഹനം നിര്‍ത്തി കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്നും കുട്ടിയുടെ അച്ഛന്‍ വിശ്വനാഥ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ഗതാഗതം തടയുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് കുട്ടിയുടെ മൃതദേഹം ഉടന്‍ തന്നെ റോഡില്‍ നിന്നും മാറ്റാനാണ് ധൃതി കൂട്ടിയതെന്നും നാട്ടുകാര്‍ ആരോപിച്ചു. 

എന്നാല്‍ താന്‍ സംഭവം നടക്കുമ്പോള്‍ 25 കിലോമീറ്റര്‍ അകലെയായിരുന്നെന്നും, പിന്നീടാണ് വിവരം അറിഞ്ഞതെന്നും മന്ത്രി പ്രതികരിച്ചു. അവിടെ നാട്ടുകാരുടെ പ്രതിഷേധം നടക്കുന്നതിനാല്‍ ആ വഴി പോകേണ്ടെന്ന് പൊലീസ് അറിയിച്ചതിനാല്‍ ആ വഴി പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംഭവം ഏറെ ദുഖകരമാണ്. ഉടന്‍ തന്നെ കുട്ടിയുടെ മാതാപിതാക്കളെ താന്‍ നേരിട്ട് പോയി കാണുമെന്നും മന്ത്രി രാജ്ഭര്‍ പറഞ്ഞു. 

അതേസമയം വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉടന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കി. മരിച്ച കുട്ടിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അപകടമുണ്ടാക്കിയ വാഹം ഓടിച്ച ആള്‍ ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് ഗോണ്ട ജില്ലാ മജിസ്‌ട്രേട്ട് ജെബി സിംഗ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com