ബോഫോഴ്‌സും സിഖ് വിരുദ്ധ കലാപ കേസും വീണ്ടും വരുന്നു; കോണ്‍ഗ്രസ് സമ്മര്‍ദത്തില്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ്ഈ കേസുകള്‍ വീണ്ടും ചര്‍ച്ചയാകുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും
ബോഫോഴ്‌സും സിഖ് വിരുദ്ധ കലാപ കേസും വീണ്ടും വരുന്നു; കോണ്‍ഗ്രസ് സമ്മര്‍ദത്തില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ഏറെനാള്‍ സമ്മര്‍ദത്തിലാക്കുകയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്ത രണ്ട് സുപ്രധാന കേസുകള്‍ വീണ്ടും സജീവമാകുന്നു. ബോഫോഴ്‌സ് അഴിമതി കേസില്‍ അന്തിമ വാദം കേള്‍ക്കാനും സിഖ് വിരുദ്ധ കലാപത്തിലെ കേസുകള്‍ അവസാനിപ്പിക്കാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം പുനഃപരിശോധിക്കാനും സുപ്രീംകോടതി  തീരുമാനിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഈ കേസുകള്‍ വീണ്ടും ചര്‍ച്ചയാകുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും. 

12വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബോഫോഴ്‌സ് അഴിമതി കേസില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ രണ്ടാം വാരത്തോടെ കേസ് പരിഗണിക്കാനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ തീരുമാനം.കോണ്‍ഗ്രസിനേയും രാജിവ് ഗാന്ധിയേയും കുടുംബത്തേയും പ്രതിക്കൂട്ടിലാക്കിയ കേസില്‍, 2005ല്‍ കുറ്റാരോപിതരായ ഹിന്ദുജ സഹോദരങ്ങളെ വെറുതേവിട്ടുകൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് ബിജെപി നേതാവും അഭിഭാഷകനുമായ അജയ്കുമാര്‍ അഗര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. ബോഫോഴ്‌സ് കേസിലെ എല്ലാ ഫയലുകളും കണ്ടെടുത്തു കൈമാറാന്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) പ്രതിരോധ മന്ത്രാലയത്തോട് മുമ്പ് ആവശ്യപ്പെട്ടിരുന്നു. 

സ്വിസ് ആയുധനിര്‍മാണ കമ്പനിയായ ബോഫോഴ്‌സിന്റെ പീരങ്കികള്‍ വാങ്ങാന്‍ 1986ലാണ് ഇന്ത്യ 1437 കോടിയുടെ കരാറില്‍ ഏര്‍പ്പെട്ടത്. ഇടപാടില്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും വന്‍തുക കൈക്കൂലി നല്‍കിയെന്ന് സ്വിസ് റേഡിയോ പിന്നീട് വെളിപ്പെടുത്തി.രാജീവ് ഗാന്ധിയായിരുന്നു അന്നു പ്രധാനമന്ത്രി. ഇറ്റാലിയന്‍ ബിസിനസുകാരന്‍ ഒട്ടാവിയോ ക്വത്‌റോക്കി ഈ ഇടപാടില്‍ ഇടനിലക്കാരനായി 64 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണം തുടര്‍ന്നു വന്‍ വിവാദമുയര്‍ത്തിയിരുന്നു.

രണ്ടാമത്തെ സുപ്രധാന തീരുമാനം സിഖ് വിരുദ്ധ കലാപത്തില്‍ അന്വേഷണ സംഘം അവസാനിപ്പിക്കാന്‍ തീരുമാനിച്ച 199കേസുകള്‍ പുനഃപരിശോധിക്കുക എന്നുള്ളതാണ്. മുന്‍ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റീസ് ജെ.എം പാഞ്ചല്‍,കെഎസ്പി രാധാകൃഷ്ണന്‍ എന്നിവരെ ഇതിനായി നിയമിച്ചു. സെപ്റ്റംബര്‍ അഞ്ചു മുതല്‍ പരിശോധന നടപടികള്‍ ആരംഭിക്കാനാണ് നിര്‍ദേശം.മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. കലാപ ബാധിതര്‍ക്ക് നീതി ലഭിച്ചുവോയെന്ന് ഉറപ്പാക്കാനാണ് ഇപ്പോള്‍ ഇത്തരത്തിലൊരു നീക്കത്തിന് സുപ്രീംകോടതി തയ്യാറായിരിക്കുന്നത്. 

1984ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെയാണ് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ 2800ലധികം ആളുകള്‍ മരിച്ചിരുന്നു. സിഖ് വിശ്വാസികളായ രണ്ട് അംഗരക്ഷകര്‍ ഇന്ദിരാ ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന കലാപം ആസൂത്രണം ചെയ്തതും നയിച്ചതും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമാണ് എന്നാണ് ആരോപണം. ഒരു വന്‍മരം വീഴുമ്പോള്‍ സമീപപ്രദേശങ്ങളെ അത് ബാധിച്ചേക്കാം എന്ന രാജീവ് ഗാന്ധിയുടെ പ്രസ്താവന, അദ്ദേഹത്തിന്റെ അറിവോടെയാണ് ഈ കലാപം നടന്നത് എന്നതിനുള്ള തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com