ചെയ്‌സ് ചെയ്ത് അടിയുണ്ടാക്കി ഗോമാതാവിനെ രക്ഷിക്കാനെത്തിയവര്‍ക്കു കിട്ടിയത് എട്ടിന്റെ പണി

സ്ഥലം കാലിയാക്കിയ ഗോരക്ഷകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് ബാര്‍മര്‍ ജില്ലയിലെ പൊലിസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പുര്‍: എല്ലാ നിയമങ്ങളെയും നോക്കുകുത്തിയാക്കി ഗോരക്ഷയ്ക്കായി സ്വയം ഇറങ്ങിത്തിരിച്ച രാജസ്ഥാനിലെ 'പശുപാലകര്‍'ക്ക് കിട്ടിയത് എട്ടിന്റെ പണി. ഗോമാതാവിനെ കടത്തുകയാണെന്ന് കരുതി വാഹനത്തെ പിന്തുടര്‍ന്ന് പിടിച്ച്, വണ്ടിയിലുണ്ടായിരുന്നവരെ തല്ലിച്ചതച്ച് തുറന്നു നോക്കിയപ്പോള്‍ കണ്ടത് കഴുതയെ. ഉടന്‍ സ്ഥലം കാലിയാക്കിയ ഗോരക്ഷകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് ബാര്‍മര്‍ ജില്ലയിലെ പൊലിസ്.

ഞായറാഴ്ച രാത്രിയാണ് ഗോരക്ഷകരെ ഇളിഭ്യരാക്കിയ സംഭവമുണ്ടായത്. സായ്‌ല പട്ടണത്തിലെ കാന്തിലാല്‍ ഭീല്‍ തന്റെ കഴുതയെ ഗ്രാമത്തിലെത്തിക്കാന്‍ നടത്തിയ ശ്രമത്തിലാണ് ഗോരക്ഷകര്‍ കുടുങ്ങിപ്പോയത്. കൂട്ടകാരുടെ സഹായത്തോടെ കഴുതയെ എസ്‌യുവിയില്‍ കയറ്റുകയായിരുന്നു കാന്തിലാല്‍. കുറെ കഷ്ടപ്പെട്ടാണ് കഴുതയെ വണ്ടിക്കുള്ളില്‍ കയറ്റിയതെന്ന് കാന്തിലാല്‍ പറയുന്നു. 

കഴുതയുമായി വണ്ടി നീങ്ങിത്തുടങ്ങി കുറെ കഴിഞ്ഞപ്പോള്‍ കുറേപ്പേര്‍ വണ്ടികളിലും മറ്റുമായി പിന്തുടരാന്‍ തുടങ്ങി. വണ്ടിയുടെ ചില്ലിലൂടെ കഴുതയെ കണ്ടപ്പോള്‍ പശുവാണെന്ന് തെറ്റിദ്ധരിച്ചാണ് 'രക്ഷകര്‍' പിന്നാലെ കൂടിയത്. ചെയ്‌സ് ചെയ്ത് വണ്ടിയെ തടഞ്ഞുനിര്‍ത്തി ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ അടിയായിരുന്നു. കാന്തിലാലിനും കൂടെയുണ്ടായിരുന്നവര്‍ക്കും അടി കിട്ടി. അവരെ അടിച്ചോടിച്ച ശേഷമാണ് ഗോരക്ഷകര്‍ വണ്ടി തുറന്നത്. ഗോമാതാവിനെ രക്ഷിക്കാന്‍ വെമ്പിനിന്നവര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത് കഴുത. അബദ്ധം മനസിലാക്കിയത രക്ഷകര്‍ ഉടന്‍ സ്ഥലം കാലിയാക്കി.

കാന്തിലാലിന്റെ പരാതിയില്‍ സിന്ധരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അക്രമികളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. ബഹളം കണ്ട് ഓടിപ്പോയ കഴുതയെ കാന്തിലാല്‍ തൊട്ടടുത്ത ബസ് സ്റ്റാന്‍ഡില്‍ നിന്ന് കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com