നജീബിനെ മര്‍ദിച്ചതിന് നടപടി നേരിട്ടയാള്‍ ജെഎന്‍യുവില്‍ എബിവിപി സ്ഥാനാര്‍ഥി

ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നതിനു മുമ്പ് നജീബുമായി സംഘര്‍ഷമുണ്ടായതിന് ഹോസ്റ്റല്‍ മാറ്റിയ അങ്കിത് റോയിയെയാണ് എബിവിപി കൗണ്‍സിലര്‍ സ്ഥാനാര്‍ഥിയാക്കിയത്
നജീബിനെ മര്‍ദിച്ചതിന് നടപടി നേരിട്ടയാള്‍ ജെഎന്‍യുവില്‍ എബിവിപി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹറു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നജീബിന്റെ തിരോധാനം സജീവ ചര്‍ച്ചയാവുന്നതിനിടെ, നജീബിനെ മര്‍ദിച്ചതിന് നടപടി നേരിട്ടയാളെ സ്ഥാനാര്‍ഥിയാക്കി എബിവിപി. ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നതിനു മുമ്പ് നജീബുമായി സംഘര്‍ഷമുണ്ടായതിന് ഹോസ്റ്റല്‍ മാറ്റിയ അങ്കിത് റോയിയെയാണ് എബിവിപി കൗണ്‍സിലര്‍ സ്ഥാനാര്‍ഥിയാക്കിയത്.

സ്‌കൂള്‍ ഒഫ് ലാംഗ്വേജ്, ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസില്‍നിന്ന് എബിവിപി നിര്‍ത്തിയിരിക്കുന്ന അഞ്ചു സ്ഥാനാര്‍ഥികളില്‍ ഒരാളാണ് റോയ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനാണ് ഹോസ്റ്റലിലുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ റോയ് ഉള്‍പ്പെടെ നാലു എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ ജെഎന്‍യു അധികൃതര്‍ നടപടിയെടുത്തത്. ഹോസ്റ്റലിലുണ്ടായ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ എത്രയും വേഗം ഹോസ്റ്റല്‍ മാറ്റാന്‍ അധികൃതര്‍ തീരുമാനമെടുക്കുകയായിരുന്നു. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന കര്‍ശനമായ മുന്നറിയിപ്പും ഡീന്‍ ഇവര്‍ക്കു നല്‍കിയിരുന്നു. 

നജീബിന്റെ തിരോധാനം ഇത്തവണത്തെ ജെഎന്‍യു തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാ വിഷയമാണ്. സെപ്തംബര്‍ എട്ടിനു നടക്കുന്ന തെരഞ്ഞെടുപ്പിനായി പ്രചാരണം മുറുകുന്നതിനിടയില്‍ അങ്കിത് റോയിയെ സ്ഥാനാര്‍ഥിയാക്കിയ എബിവിപി നടപടി വിദ്യാര്‍ഥികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. സര്‍വകലാശാലാ അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ആള്‍ക്ക് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലിങ്‌ദോ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വിലക്കുണ്ടെന്നും ഇതിനു വിരുദ്ധമാണ് എബിവിപി നടപടിയെന്നും എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നു. നജീബിനെ മര്‍ദിച്ചവരെ സംരക്ഷിക്കുന്ന നിലപാടാണ് വിസിയുടെയേതെന്നും അതുകൊണ്ടാണ് ഇത്തരമൊരാളെ സ്ഥാനാര്‍ഥിയാക്കാന്‍ എബിവിപി ധൈര്യപ്പെട്ടതെന്നും ലെഫ്റ്റ് യൂണിറ്റി പ്രസിഡന്റ് സ്ഥാനാര്‍ഥി ഗീതാകുമാരി ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com