ഞാന്‍ അര്‍ധരാത്രി ശ്മശാനത്തില്‍ പോയി, സെല്‍ഫിയെടുത്തു...; ബ്ലൂവെയിലിന്റെ മരണക്കെണിയില്‍നിന്നു രക്ഷപെട്ടയാള്‍ പറയുന്നു

അതൊരു മരണക്കെണിയാണ്. വലിയ വിക്ഷോഭത്തിലേക്കാണ അതു നമ്മെ തള്ളിവിടുക. എത്ര വലിയ സാഹികന്‍ ആണെങ്കിലും മാനസികമായി അതു നമ്മെ തളര്‍ക്കിക്കളയും. അതുകൊണ്ട് ഒരാളും അതു പരീക്ഷിച്ചുനോക്കരുത്
ഞാന്‍ അര്‍ധരാത്രി ശ്മശാനത്തില്‍ പോയി, സെല്‍ഫിയെടുത്തു...; ബ്ലൂവെയിലിന്റെ മരണക്കെണിയില്‍നിന്നു രക്ഷപെട്ടയാള്‍ പറയുന്നു

കാരയ്ക്കല്‍: '' ഒരാളും അതു കളിക്കരുത്, എത്ര സാഹസികത ഇഷ്ടപ്പെടുന്നയാളായാലും. തുടങ്ങിയാല്‍ പിന്നെ അതില്‍നിന്നു രക്ഷപെടുക എളുപ്പമല്ല' - ബ്ലൂവെയ്ല്‍ ഗെയിം മരണത്തിലേക്കു നയിച്ചുകൊണ്ടിരിക്കെ പൊലീസ് ഇടപെടല്‍ മൂലം രക്ഷപെട്ട അലക്‌സാണ്ടര്‍ പറഞ്ഞു. ബ്ലൂവെല്‍ ഗെയിമിന്റെ അഡ്മിന്‍ നിര്‍ദേശിച്ചതു പ്രകാരം ശരീരത്തില്‍ കത്തികൊണ്ടു മത്സ്യത്തെ വരയ്ക്കാന്‍ തുടങ്ങുമ്പോഴായിരുന്നു പൊലീസ് എത്തി അലക്‌സാണ്ടറിനെ കസ്റ്റഡിയില്‍ എടുത്തത്.

''അതൊരു ആപ്പോ ഡൗണ്‍ലോഡ് ചെയ്യാവുന്ന ഗെയിമോ അല്ല. അതൊരു ലിങ്ക് മാത്രമാണ്. ഓരോരുത്തര്‍ക്കും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും അത്' അലക്‌സാണ്ടര്‍ പറയുന്നു. സുഹൃത്തുക്കളെല്ലാമുള്ള ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍നിന്നാണ് അലക്‌സാണ്ടര്‍ക്ക് ഗെയിമിന്റെ ലിങ്ക് ലഭിച്ചത്. ചെന്നൈയില്‍ ജോലി ചെയ്യുന്ന അലക്‌സാണ്ടര്‍ കാരയ്ക്കലിലെ നെരാവിയില്‍ അവധിക്കു പോയപ്പോഴാണ് ഗെയിം കളിച്ചു തുടങ്ങിയത്. കളി തുടങ്ങിയ ശേഷം പിന്നെ ജോലിക്കു പോയിട്ടേയില്ലെന്ന് അലക്‌സാണ്ടര്‍ പറയുന്നു.

അഡ്മിന്‍ ഓരോരോ പ്രവൃത്തികള്‍ ഏല്‍പ്പിക്കുന്നതാണ് ഗെയിം. നിശ്ചിത സമയത്തിനകം അതു പൂര്‍ത്തീകരിക്കണം. വെളുപ്പിന് രണ്ടു മണിക്കു ശേഷമാവും ഗെയിം പൂര്‍ത്തീകരിക്കേണ്ട സമയം. ആദ്യ കുറച്ചു ദിവസങ്ങള്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നതു മാത്രമായിരുന്നു. പേഴ്‌സണല്‍ വിവരങ്ങളും ഫോട്ടോഗ്രാഫുകളും. ഇവ അഡ്മിന് അയച്ചുകൊടുക്കണം. അതിനു ശേഷമാണ് ടാസ്‌കുകള്‍ ഓരോന്നായി തുടങ്ങുക. 

അര്‍ധ രാത്രി അടുത്തുള്ള ശ്മശാനത്തില്‍ പോയി സെല്‍ഫിയെടുക്കാനായിരുന്നു അലക്‌സാണ്ടര്‍ക്ക് ആദ്യം കിട്ടിയ ടാക്‌സുകളില്‍ ഒന്ന്. ''രാത്രി പന്ത്രണ്ടു മണിക്ക് ഞാന്‍ അക്കരൈവട്ടം ശ്മശാനത്തില്‍ പോയി. സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്തു. ദിവസവും രാത്രി ഹൊറര്‍ ചിത്രങ്ങള്‍ കാണാന്‍ നിര്‍ദേശിക്കുമായിരുന്നു. പേടി ഇല്ലാതാവാന്‍ ആണത്രെ ഇത്''

കളി തുടങ്ങിയതോടെ ഞാന്‍ ആളുകളോട് സംസാരിക്കുന്നതേ നിര്‍ത്തി. ഏതു സമയവും മുറിയില്‍ അടച്ചിരിപ്പായി. മാനസികമായി വലിയ വിക്ഷോഭത്തിലൂടെയായിരുന്നു ഞാന്‍ കടന്നുപോയത്. അതില്‍നിന്നു പുറത്തുകടക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ അത്രയെളുപ്പമൊന്നും അതിനു കഴിയില്ല- അലക്‌സാണ്ടര്‍ പറയുന്നു.

അലക്‌സാണ്ടറുടെ പെരുമാറ്റത്തിലെ മാറ്റം സഹോദരന്‍ അജിത് ശ്രദ്ധിച്ചതാണ് രക്ഷയായത്. വിചിത്രമായ പെരുമാറ്റം കണ്ട് സംശയം തോന്നിയ അജിത് പൊലീസിനെ വിവരം അറിയിച്ചു. വെളുപ്പിന് നാലു മണിക്ക് പൊലിസ് മുറിയില്‍ കടക്കുമ്പോള്‍ ശരീരത്തില്‍ കത്തി കൊണ്ടു മത്സ്യത്തെ വരയ്ക്കാനുള്ള പുറപ്പാടിലായിരുന്നു അലക്‌സാണ്ടര്‍. 

അലക്‌സണ്ടറെ പൊലീസും വീട്ടുകാരും ചേര്‍ന്ന് കൗണ്‍സലിങ്ങിനു  വിധേയനാക്കി. മാനസിക ആഘാതത്തില്‍ കരകയറി വരികയാണ് ഇയാള്‍. ''അതൊരു മരണക്കെണിയാണ്. വലിയ വിക്ഷോഭത്തിലേക്കാണ അതു നമ്മെ തള്ളിവിടുക. എത്ര വലിയ സാഹികന്‍ ആണെങ്കിലും മാനസികമായി അതു നമ്മെ തളര്‍ക്കിക്കളയും. അതുകൊണ്ട് ഒരാളും അതു പരീക്ഷിച്ചുനോക്കരുത്''- അലക്‌സാണ്ടര്‍ പറയുന്നു.

മറ്റുള്ളവര്‍ക്കു രക്ഷയാവട്ടെ എന്നു കരുതിയാണ്  ബ്ലൂവെയില്‍ അനുഭവം വിവരിക്കുന്നതെന്ന് അലക്‌സാണ്ടര്‍ വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com