അവ്യക്തത വേണ്ട; അതു ചെയ്തത് ഹിന്ദുത്വ തീവ്രവാദികള്‍ തന്നെ: ഗൗരി ലങ്കേഷിന്റെ അഭിഭാഷകന്‍

വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരായ ശബ്ദത്തെ ഇല്ലാതാക്കലാണ് അവരുടെ കൊലപാതകം. അപകീര്‍ത്തി കേസുകളുമായി അതിനു ബന്ധമൊന്നുമില്ലെന്ന് അഡ്വ. വെങ്കടേഷ്
അവ്യക്തത വേണ്ട; അതു ചെയ്തത് ഹിന്ദുത്വ തീവ്രവാദികള്‍ തന്നെ: ഗൗരി ലങ്കേഷിന്റെ അഭിഭാഷകന്‍

ബംഗളൂരു: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് ഹിന്ദുത്വ തീവ്രവാദികള്‍ തന്നെയാണെന്ന് നിരവധി കേസുകളില്‍ അവര്‍ക്കായി ഹാജരായ അഭിഭാഷകന്‍ അഡ്വ. ബിടി വെങ്കടേഷ്. ഇതില്‍ അവ്യക്തതയുടെ കാര്യമില്ല. അവര്‍ ആര്‍എസ്എസിന് എതിരായിരുന്നു, ബിജെപിക്കും മറ്റു ഹിന്ദു തീവ്രവാദികള്‍ക്കും എതിരായിരുന്നു. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരായ ശബ്ദത്തെ ഇല്ലാതാക്കലാണ് അവരുടെ കൊലപാതകം. അപകീര്‍ത്തി കേസുകളുമായി അതിനു ബന്ധമൊന്നുമില്ലെന്ന് അഡ്വ. വെങ്കടേഷ് ചൂണ്ടിക്കാട്ടി.

വളരെ സംഘടിതവും ആസൂത്രിതവുമായി നടപ്പാക്കിയ കൊലപാതകമാണ് ഗൗരി ലങ്കേഷിന്റേത്. പ്രൊഫ. കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയതിനു സമാനമാണത്. ഇത്തരം കൊലപാതകങ്ങള്‍ നടപ്പാക്കാന്‍ ഹിന്ദു തീവ്രവാദി സംഘടനകള്‍ ആളുകളെ പരിശീലിപ്പിക്കുന്നുണ്ട്. 

ഗൗരിയുടെ കൊലപാതകത്തെ അപകീര്‍ത്തി കേസുകളുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ കാര്യമൊന്നുമില്ല. മാധ്യമ പ്രവര്‍ത്തനത്തില്‍ അപകീര്‍ത്തി കേസുകള്‍ സാധാരണമാണ്. വധിക്കപ്പെടുന്നതിനു മുമ്പായി ഇരുപതോളം അപകീര്‍ത്തി കേസുകളാണ് കല്‍ബുര്‍ഗിക്കെതിരെ ഫയല്‍ ചെയ്തിരുന്നത്. ഇതിലെല്ലാം ഹാജരാവുന്നതിന് യാത്ര ചെയ്യുകയെന്നത് എത്ര പ്രയാസകരമാണെന്ന് പ്രഫ. കല്‍ബുര്‍ഗി തന്നെ പറഞ്ഞിട്ടുണ്ടെന്ന് അഡ്വ. വെങ്കിടേഷ് ഓര്‍മിച്ചു. ഗൗരി ലങ്കേഷിനെതിരെ സംസ്ഥാനത്തുടനീളം അപകീര്‍ത്തി കേസുകള്‍ നല്‍കിയിരുന്നു. പലതിലും അവര്‍ക്കു വേണ്ടി ഹാജരായത് താനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

ഹിന്ദുത്വ ശക്തികള്‍ കോടതിയുടേത് ഉള്‍പ്പെടെ എല്ലാ വഴികളും പ്രയോഗിക്കും. ഒരുപാടു കേസുകള്‍ വരുമ്പോള്‍ കൈകാര്യം ചെയ്യാന്‍ പ്രയാസമാവുമെന്ന് അവര്‍ക്കറിയാം. കേസൊഴിഞ്ഞിട്ടു നേരമുണ്ടാവില്ല. അവര്‍ക്കാണെങ്കില്‍ എല്ലായിടത്തും അഭിഭാഷകരുണ്ടാവും. ഓരോ താലൂക്കിലും അഞ്ചു പേരെങ്കിലുമുണ്ട്, സൗജന്യമായി ഹാജരാവുന്നവരായിട്ട്. അവിടെ നമുക്ക് ഒരുപക്ഷേ വക്കീലിനെ കിട്ടുക പോലുമില്ല. അവര്‍ക്ക് ഒറ്റ അജന്‍ഡയേ ഉള്ളൂ. അത് വിദ്വേഷമാണ്. നമുക്കാണെങ്കില്‍ ഒരുപാട് ചര്‍ച്ചകളാണ്, അതിന് ഒരു പൊതുരൂപമില്ല. അതുകൊണ്ടുതന്നെ അവര്‍രെ എങ്ങനെ നേരിടണം എന്നതില്‍ പല അഭിപ്രായങ്ങളാണ്. 

സംസ്ഥാനത്തുടനീളമുള്ള കേസുകളെ തന്നെ ഹിന്ദുത്വ ശക്തികള്‍ക്കെതിരായ പ്രചാരണമാക്കി മാറ്റുകയായിരുന്നു ഗൗരി. കോടതികള്‍ക്കു പുറത്ത് അവര്‍ യോഗങ്ങള്‍ സംഘടിപ്പിച്ചു. പറയാനുള്ളത് ഉച്ചത്തിലും വ്യക്തമായും പറഞ്ഞു. ഇംഗ്ലീഷിലും കന്നഡയിലും കരുത്തോടെ എഴുതി. എവിടെയെ വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിക്കപ്പെട്ടോ അവിടെയെത്തി അതിനെ പ്രതിരോധിച്ചു- അഡ്വ. വെങ്കടേഷ് ഓര്‍മിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com