ഗൗരി ലങ്കേഷ് വധം: നക്‌സലുകളുടെ വിരോധവും പരിശോധിക്കും; സിസിടിവി ദൃശ്യങ്ങളില്‍ പ്രതീക്ഷയോടെ പൊലീസ് 

നക്‌സലുകളെ ആയുധമുപേക്ഷിക്കുന്നതിനു പ്രേരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ ഗൗരി ലങ്കേഷ് വ്യാപൃതയായിരുന്നു
ഗൗരി ലങ്കേഷ് വധം: നക്‌സലുകളുടെ വിരോധവും പരിശോധിക്കും; സിസിടിവി ദൃശ്യങ്ങളില്‍ പ്രതീക്ഷയോടെ പൊലീസ് 


ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നക്‌സലുകള്‍ക്കു പങ്കുണ്ടോ എന്ന കാര്യവും ബംഗളൂരു പൊലീസ് പരിശോധിക്കുന്നു. നക്‌സലുകളെ ആയുധമുപേക്ഷിക്കുന്നതിനു പ്രേരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ ഗൗരി ലങ്കേഷ് വ്യാപൃതയായിരുന്നു. ഇത് ഏതെങ്കിലും വിധത്തില്‍ വിരോധത്തിനു കാരണമായിട്ടുണ്ടോയെന്നും
പരിശോധിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ഇരുപത്തിനാലു മണിക്കൂര്‍ പിന്നിട്ടിട്ടും അന്വേഷണത്തിലെ പുരോഗതിയെക്കുറിച്ച് പൊലിസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ഇന്റലിജന്‍സ് ഐജി, ബികെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗൗരിയുടെ വധം അന്വേഷിക്കുന്നത്. തീവ്ര ഹിന്ദു വിഭാഗങ്ങളില്‍നിന്നുയര്‍ന്ന എതിര്‍പ്പിനൊപ്പം എല്ലാ കാര്യങ്ങളും പരിശോധിക്കാനാണ് അ്‌ന്വേഷണ സംഘത്തിന്റെ തീരുമാനം. ഗൗരി ലങ്കേഷ് സമൂഹമാധ്യമങ്ങളില്‍ നേരിട്ട ഭീഷണികളെ കുറിച്ചും അന്വേഷണം നടത്തും. ബികെ സിങ് നേതൃത്വം നല്‍കുന്ന സംഘത്തില്‍ ബെംഗളൂരു ഡിസിപി അനുച്ഛേദ് അടക്കം 19 ഉദ്യോഗസ്ഥരാണുള്ളത്. 

സിസിടിവി ദൃശ്യങ്ങളില്‍നിന്നു കൂടുതല്‍ തെളിവു ലഭിക്കുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇവ പരിശോധനയ്ക്ക്  അയച്ചിരിക്കുകയാണ്. ഗൗരി ലങ്കേഷ് സ്ഥിരം സഞ്ചരിക്കുന്ന ബസവനഗുഡി മുതല്‍ രാജരാജേശ്വരി നഗര്‍ വരെയുള്ള വഴിയിലെ പരമാവധി സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കും. 

നക്‌സലറ്റുകള്‍ക്ക് ആയുധം വച്ച് കീഴടങ്ങി മുഖ്യധാരാ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച സമിതിയില്‍ അംഗമായിരുന്നു ഗൗരി. രണ്ടു മാസം മുന്‍പു ചിക്കമംഗളുരുവില്‍ നക്‌സലറ്റുകളായ കന്യാകുമാരി, ഭര്‍ത്താവ് ശിവു, സുഹൃത്ത് ചെന്നമ്മ എന്നിവര്‍ കീഴടങ്ങുന്നതില്‍ മാധ്യസ്ഥം വഹിച്ചതു ഗൗരി ലങ്കേഷ് ആയിരുന്നു. ഇത് എന്തെങ്കിലും തരത്തില്‍ വിരോധത്തിനു കാരണമായോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com