ഹിന്ദു ദൈവങ്ങള്‍ ബാര്‍ബര്‍ ഷോപ്പില്‍;  ജാവേദ് ഹബീബിനെതിരെ കേസെടുത്തു

ദൈവങ്ങള്‍ ജെഎച്ച് ബാര്‍ബര്‍ ഷോപ്പിലെത്തുമെന്നായിരുന്നു പരസ്യവാചകം. പരസ്യത്തില്‍ ബാര്‍ബര്‍ ഷാപ്പില്‍ വിവിധ രീതിയില്‍ ഇരിക്കുന്ന തരത്തിലാണ് ഹിന്ദുദൈവങ്ങളെ ചിത്രീകരിച്ചത്
ഹിന്ദു ദൈവങ്ങള്‍ ബാര്‍ബര്‍ ഷോപ്പില്‍;  ജാവേദ് ഹബീബിനെതിരെ കേസെടുത്തു

ഹൈദരബാദ്: സലൂണിന്റെ പരസ്യത്തില്‍ ഹിന്ദുദൈവങ്ങളുടെ ചിത്രം പ്രസിദ്ധീകരിച്ചതില്‍ ലോക പ്രശസ്ത ഹെയര്‍ ഡിസൈനര്‍ക്കെതിരെ ഹൈദരബാദ് പൊലീസ് കേസെടുത്തു. ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പാണ് ബംഗാളില്‍ ദുര്‍ഗാ പൂജയുടെ ഭാഗമായി ജാവേദ് ഹബീബ് പത്രത്തില്‍ സപ്തംബര്‍ ഒന്നുമുതല്‍ ഒക്ടോബര്‍ 31 വരെ പ്രത്യേക ഓഫറിന്റെ ഭാഗമായി പരസ്യം പ്രസിദ്ധീകരിച്ചത്. ദൈവങ്ങള്‍ ജെഎച്ച് ബാര്‍ബര്‍ ഷാപ്പിലെത്തുമെന്നായിരുന്നു പരസ്യവാചകം. പരസ്യത്തില്‍ ബാര്‍ബര്‍ ഷാപ്പില്‍ വിവിധ രീതിയില്‍ ഇരിക്കുന്ന തരത്തിലാണ് ഹിന്ദുദൈവങ്ങളെ ചിത്രീകരിച്ചത്. 

അഡ്വക്കേറ്റ് എം കരുണാസാഗര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 295 എ പ്രകാരമാണ് കേസ്. കേസന്വേഷണം ആരംഭിച്ചതായും ആവശ്യമെങ്കില്‍ ഹബീബിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. ഹിന്ദുദൈവങ്ങളായ ലക്ഷ്മി, സരസ്വതി, ഗണപതി, കാര്‍ത്തികേയ, ദുര്‍ഗ തുടങ്ങിയ ദൈവങ്ങളെയാണ് പരസ്യത്തിനായി ഉപയോഗിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ജെഎച്ച് സലൂണിന് ഷോപ്പുകളുണ്ട്. ഇത് സംബന്ധിച്ച് വിവിധയിടങ്ങളില്‍ നിന്നായി പൊലീസിന് നിരവധി പരാതികള്‍ ലഭിച്ചെങ്കിലും ഹൈദരബാദിലാണ് ആദ്യമായി കേസ് രജിസ്റ്റര്‍ ചെയ്തത്. ഹിന്ദുദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അടിയന്തിരമായി അറസ്റ്റ് ചെയ്യണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

പരസ്യം വന്നതിന് പിന്നാലെ ആരുടെയെങ്കിലും മതവികാരത്തെയോ മറ്റും വൃണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നതായും ഹബീബ് സ്പതംബര്‍ അഞ്ചിന് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ അനുമതി വാങ്ങിയ ശേഷമാണ് പരസ്യം പ്രസിദ്ധീകരിച്ചതെന്നാണ് സലൂണ്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ വിവാദമായതിന് പിന്നാലെ പരസ്യം പിന്‍വലിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ദുര്‍ഗാ പൂജയോട് അനുബന്ധിച്ച് ഇത്തരത്തിലുള്ള നിരവധി പരസ്യങ്ങള്‍ ബംഗാളില്‍ വ്യാപകമാണ്.

മനുഷ്യര്‍ക്കുമാത്രം പോര മനുഷ്യമുഖമുള്ള ദൈവങ്ങള്‍ക്കും വേണമല്ലോ ഹെയര്‍ഡ്രസിങ്ങും മെയ്ക്കപ്പും എന്ന് കരുതിയാണ് പരസ്യം നല്‍കിയതെങ്കിലും ഇപ്പോള്‍ സംഗതി പുലിവാലായിരിക്കുകയാണ്. മിക്‌സഡ് സലൂണായത് കൊണ്ടാണ് ദേവന്‍മാരെയും ദേവിമാരെയും കുടിയിരുത്തി ഹബീബ് പരസ്യം ചെയ്തത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com