കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കണം: അല്‍ഫോന്‍സ് കണ്ണന്താനം

കേരളവും കേന്ദ്രവും തമ്മില്‍ അടുത്ത ബന്ധം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് കണ്ണന്താനം വ്യക്തമാക്കി.
കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കണം: അല്‍ഫോന്‍സ് കണ്ണന്താനം

കൊച്ചി: സംസ്ഥാനത്തിന്റെ വികസനത്തിനായി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേരളവും കേന്ദ്രവും തമ്മില്‍ അടുത്ത ബന്ധം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് കണ്ണന്താനം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുമായി തനിക്കുള്ള വ്യക്തിബന്ധം ഇതിനു സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്നും കണ്ണന്താനം പറഞ്ഞു.

കേന്ദ്രമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി കേരളത്തിലെത്തുകയാണ്. അല്‍ഫോന്‍സ് കണ്ണന്താനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് കണ്ണന്താനത്തിനെ നെടുമ്പാശേരിയില്‍ സ്വീകരിച്ചത്. സ്വീകരിച്ചു. തുടര്‍ന്ന് എറണാകുളം ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയില്‍ ഒരുക്കിയിരിക്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കുന്നതിനായി കണ്ണന്താനവും സംഘവും അവിടേക്കു തിരിച്ചു.

കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് ആദ്യഘട്ടത്തില്‍ തണുപ്പന്‍ പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് കേന്ദ്ര നേതൃത്വം ഇടപെട്ടതോടെ മന്ത്രിക്ക് വിപുലമായ സ്വീകരണം നല്‍കാന്‍ പാര്‍ട്ടി തരുമാനിക്കുകയായിരുന്നു. അതേസമയം, മന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍ ബിജെപി സംസ്ഥാന ഓഫിസില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാത്തതില്‍ നിരാശയില്ലെന്നും കണ്ണന്താനം വ്യക്തമാക്കി. അന്നേ ദിവസം ഓഫിസിന് ഓണാവധി ആയതിനാലാണ് ആഘോഷമൊന്നും നടത്താതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ കണ്ണന്താനം ഒട്ടേറെ പരിപാടികളില്‍ പങ്കെടുക്കും. കോട്ടയം ജില്ലാ കമ്മിറ്റിയുടെ സ്വീകരണത്തിനുശേഷം അദ്ദേഹത്തെ ജന്മനാടായ കാഞ്ഞിരപ്പള്ളിയിലേക്കു പോകും. ഉച്ചയ്ക്ക് 1.30നു ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ പിഎസ് ശ്രീധരന്‍പിള്ള റോഡ് ഷോ ഉദ്ഘാടനം ചെയ്യും. ഒന്‍പതു പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് ഷോ കണ്ണന്താനത്തിന്റെ വീടിനു സമീപം മണിമലയില്‍ സമാപിക്കും. 

തിങ്കളാഴ്ച സ്വകാര്യ ചടങ്ങിനായി കണ്ണൂരിലെത്തുന്ന മന്ത്രിയ്ക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണം നല്‍കും. 12നു തിരുനക്കര ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 

15നു കാഞ്ഞിരപ്പള്ളി പൗരാവലിയും ജന്‍മനാട്ടില്‍ മന്ത്രിക്ക് സ്വീകരണം ഒരുക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍മാത്യു അറയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. 

തുടര്‍ന്ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ കൗണ്‍സിലിലെ ബിഷപ്പുമാരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും. 16ന് തിരുവനന്തപുരത്തും മന്ത്രിക്ക് ബിജെപി സ്വീകരണം നല്‍കുന്നുണ്ട്. 16ന് വൈകിട്ട് അല്‍ഫോണ്‍സ് കണ്ണന്താനം ഡെല്‍ഹിക്ക് മടങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com