അനിതയുടെ വീട്ടിലെത്തി വിജയ്; നീറ്റിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം

നീറ്റിനെതിരെ തമിഴ്‌നാട്ടില്‍ വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം തുടരുന്നതിനിടെയാണ് വിജയ് അനിതയുടെ വീട്ടിലെത്തിയത്‌ 
അനിതയുടെ വീട്ടിലെത്തി വിജയ്; നീറ്റിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം

ചെന്നൈ: എംബിബിഎസ് പ്രവേശന പരീക്ഷയായ നീറ്റിനെതിരെ പോരാടുകയും സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുകയും ചെയ്ത വിദ്യാര്‍ത്ഥിനി അനിതയുടെ വീട്ടിലെത്തി നടന്‍ വിജയ്. നീറ്റിനെതിരെ തമിഴ്‌നാട്ടില്‍ വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം തുടരുന്നതിനിടെയാണ് വിജയ് അനിതയുടെ വീട്ടിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും നീറ്റ് പരീക്ഷയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട വിഷമത്തിലാണ് അനിത ആത്മഹത്യ ചെയ്തത്. 

അനിതയുടെ മരണത്തിലുള്ള ദു:ഖം പ്രകടിപ്പിച്ച് രജനീകാന്തും കമല്‍ഹാസനും നേരത്തേ രംഗത്തെത്തിയിരുന്നു. നടനും സംഗീതസംവിധായകനുമായ ജി.വി.പ്രകാശ്, സംവിധായകന്‍ പാ.രഞ്ജിത്ത് എന്നിവര്‍ അരിയലൂര്‍ ജില്ലയിലെ കുഴുമൂര്‍ ഗ്രാമത്തിലുള്ള അനിതയുടെ വീട്ടില്‍ സംസ്‌കാരച്ചടങ്ങിന് എത്തിയിരുന്നു. നടന്‍ സൂര്യ പ്രമുഖ തമിഴ് പത്രത്തില്‍ 'നീറ്റി'നെതിരേ ലേഖനമെഴുതിയിരുന്നു.

തമിഴ്‌നാട്ടില്‍ പ്ലസ് ടു വരെ തമിഴ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാട്ടി അനിത നേരത്തേ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മെഡിക്കല്‍ പ്രവേശനം പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വേണമെന്നും ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഹര്‍ജി കോടതി തള്ളി. പ്ലസ്ടുവിന് അനിത 98 ശതമാനം മാര്‍ക്ക് നേടിയിരുന്നു. 


നീറ്റിനെതിരെ ക്ലാസുകള്‍ ഉപേക്ഷിച്ചാണ് സ്‌കൂള്‍,കോളജ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്. ഇടത്,ദലിത് വിദ്യാര്‍ത്ഥി സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com