പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെന്ന് രാഹുല്‍ ഗാന്ധി; തോല്‍വികള്‍ക്ക് കാരണം അഹങ്കാരം

2012 മുതല്‍ പാര്‍ട്ടിക്ക് നേരിട്ട പരാജയങ്ങള്‍ക്ക് കാരണം  അഹങ്കാരമാണ്. അഹങ്കാരം ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റി
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെന്ന് രാഹുല്‍ ഗാന്ധി; തോല്‍വികള്‍ക്ക് കാരണം അഹങ്കാരം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേരിക്കന്‍ സര്‍വകലാശാലയായ ബെര്‍ക്കേലിയില്‍ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലായിരുന്നു പ്രധാനമന്ത്രി പദത്തിലേക്കും, പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്കും എത്താന്‍ തയ്യാറായതായി രാഹുല്‍ വ്യക്തമാക്കുന്നത്. 

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ സജ്ജമാണോ എന്ന മോഡറേറ്ററുടെ ചോദ്യത്തിനായിരുന്നു, താന്‍ എല്ലാ അര്‍ഥത്തിലും തയ്യാറാണെന്ന രാഹുലിന്റെ മറുപടി. പാര്‍ട്ടി സംവിധാനമാണ് അതിനെ കുറിച്ച് തീരുമാനിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് ഉള്‍പ്പെടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ആരംഭിച്ചു കഴിഞ്ഞുവെന്നും രാഹുല്‍ പറയുന്നു. 

2012 മുതല്‍ പാര്‍ട്ടിക്ക് നേരിട്ട പരാജയങ്ങള്‍ക്ക് കാരണം  അഹങ്കാരമാണ്. അഹങ്കാരം ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റി. അതിന്റെ എല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും രാഹുല്‍ പറഞ്ഞു. 

മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയപ്പോഴും, നരേന്ദ്ര മോദിയെ പ്രശംസിക്കാനും രാഹുല്‍ മറന്നില്ല. തന്നേക്കാളും നന്നായി ആശയ വിനിമയം നടത്താന്‍ മോദിക്ക് കഴിയും. മോദി തുടക്കമിട്ട മെയ്ക്ക് ഇന്‍ ഇന്ത്യയേയും രാഹുല്‍ അഭിനന്ദിച്ചു. എന്നാല്‍ നോട്ട് അസാധുവാക്കലിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ രണ്ട് ശതമാനം മോദി കുറച്ചതായും, കര്‍ഷകര്‍ക്ക് ഇതിമൂലമേറ്റ ആഘാതം വലുതാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

സ്വന്തം രാജ്യത്ത് തന്നെ തങ്ങള്‍ക്ക് നല്ലൊരു ഭാവി ഇല്ലെന്ന ചിന്തയാണ് മോദി ഭരണകൂടം ജനങ്ങളുടെ മനസില്‍ സൃഷ്ടിച്ചിരിക്കുന്നത്.വിദ്വേഷവും സംഘര്‍ഷവും സൃഷ്ടിക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ രാഹുല്‍ ഗാന്ധി ഒരു വിഡ്ഡിയാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.     

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com