കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു;ആദ്യ ലക്ഷ്യം നവംബറിലെ തെരഞ്ഞെടുപ്പ്

ഈ മാസം അവസാനത്തോടെ അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും എന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്
കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു;ആദ്യ ലക്ഷ്യം നവംബറിലെ തെരഞ്ഞെടുപ്പ്

ചെന്ന: തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുവാന്‍ തയ്യാറാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും എന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുമായി കമല്‍ഹാസന്‍ ചര്‍ച്ച നടത്തിയിരുന്നു.രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് നവംബറില്‍ തമിഴ്‌നാട്ടില്‍ നടക്കാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലൂടെ സജീവമാകുക എന്നതായിരിക്കും പ്രാഥമിക ലക്ഷ്യമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

' ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. വിജയദശമിക്കോ ഗാന്ധിജയന്തിക്കോ ഉണ്ടാവാനാണ് സാധ്യത.' കമല്‍ഹാസന്റെ അടുത്ത സഹായി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

' ഇത് നിര്‍ണായക സമയമാണ്. തമിഴ്‌നാട്ടില്‍ ഒരു രാഷ്ട്രീയ ശൂന്യതയുണ്ടെന്നാണ് അദ്ദേഹം കരുതുന്നത്. സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവനകളോടുള്ള ജനങ്ങളുടെ നിലപാട് അദ്ദേഹത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നു. തിയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ഫാന്‍സ് ഗ്രൂപ്പുമായും താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തികളുമായും ചര്‍ച്ച നടത്തുന്നതിന്റെ തിരക്കിലാണ് അദ്ദേഹം' എന്ന മറ്റൊരു സഹായി പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

നീറ്റ് പരീക്ഷയ്‌ക്കെതിരെ നടക്കുന്ന വിദ്യാര്‍ത്ഥി,യുവജന പ്രതിഷേധങ്ങള്‍ക്ക് കമല്‍ഹാസന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ കമല്‍ഹാസന്‍ തന്റെ രാഷ്ട്രീയത്തിന്റെ നിറം കാവിയല്ലെന്ന് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com