അവസാനം രാജസ്ഥാന്‍ സര്‍ക്കാര്‍ മുട്ടുമടക്കി; 14 ദിവസത്തെ കര്‍ഷക പ്രക്ഷോഭം വിജയിച്ചു

സമരക്കാര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു
അവസാനം രാജസ്ഥാന്‍ സര്‍ക്കാര്‍ മുട്ടുമടക്കി; 14 ദിവസത്തെ കര്‍ഷക പ്രക്ഷോഭം വിജയിച്ചു

സിക്കാര്‍: രാജസ്ഥാനിലെ സിക്കാറില്‍ 14 ദിവസമായി നടന്നുവന്ന കര്‍ഷക പ്രക്ഷോഭം വിജയിച്ചു. സമരക്കാര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലായിരുന്നു കര്‍ഷകര്‍ സമരം നടത്തിവന്നത്. കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥയായ സാഹചര്യത്തിലാണ് കര്‍ഷകര്‍ സമരത്തിനിറങ്ങിയത്. സിക്കാറില്‍ പടര്‍ന്നുപന്തലിച്ച സമരം ജനകീയ സമരമായി മാറാന്‍ അധികം നാളെടുത്തില്ല. വിദ്യാര്‍ത്ഥികളും യുവാക്കളും സമരത്തിനൊപ്പം അണിനിരക്കുകയായിരുന്നു. 

പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യമായിരുന്ന കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അമ്പതിനായിരം രൂപവരെയുള്ള കടങ്ങളാണ് എഴുതിത്തള്ളാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടിള്ളത്. എട്ടുലക്ഷം കര്‍ഷകര്‍ക്ക് ഇത് ഉപകാരപ്രദമാകും. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം വിളകള്‍ക്ക് താങ്ങുവില നല്‍കണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു. 

പ്രക്ഷോഭത്തിലൂടെ കര്‍ഷകര്‍ നേടിയെടുത്ത മറ്റ് ആവശ്യങ്ങള്‍ ഇവയെല്ലാമാണ്: 

കൃഷിക്കായുള്ള വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് പിന്‍വലിക്കും.

എസ് സി, എസ്ടി ,ഒബിസി ഫെലോഷിപ്പുകള്‍ ഉടന്‍ വിതരണം ചെയ്യും.

അലഞ്ഞുതിരിയുന്ന കന്നുകാലികളില്‍ നിന്ന് വിളകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി കൊണ്ടുവരും.

കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ 2000 ആയി വര്‍ധിപ്പിച്ചു.

കനാല്‍ ജലം വന്നില്ലെങ്കില്‍ വിളകള്‍ക്ക് ഇന്‍ഷുറന്‍സ്. എന്ന ആവശ്യവും അംഗീകരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com