എച്ച്സിയുവില്‍ വിയോജിപ്പുകള്‍ക്കിടയിലും എസ്എഫ്‌ഐയോട് യോജിക്കുന്നത് എബിവിപിയെന്ന പൊതുശത്രുവിനെ ഇല്ലാതാക്കാന്‍:ശ്രീരാഗ് പൊയ്ക്കാടന്‍

എബിവിപിയ്‌ക്കെതിരെ ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനും(എഎസ്എ) എസ്എഫ്‌ഐയും
എച്ച്സിയുവില്‍ വിയോജിപ്പുകള്‍ക്കിടയിലും എസ്എഫ്‌ഐയോട് യോജിക്കുന്നത് എബിവിപിയെന്ന പൊതുശത്രുവിനെ ഇല്ലാതാക്കാന്‍:ശ്രീരാഗ് പൊയ്ക്കാടന്‍

ഹിന്ദുത്വ തീവ്രവാദത്തിനെതിരെ രാജ്യത്തുയര്‍ന്നുവന്ന വിദ്യാര്‍ത്ഥി ചെറുത്തുനില്‍പ്പുകളുടെ പ്രഭവകേന്ദ്രമായിരുന്നു ഹൈദരബാദ് സെന്‍ട്രല്‍ യൂണിവെഴ്‌സിറ്റി. രോഹിത് വെമുലയുടെ മരണ ശേഷം നടക്കുന്ന സര്‍വ്വകലാശാലയിലെ രണ്ടാമത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്കെതിരെ ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനും(എഎസ്എ) എസ്എഫ്‌ഐയും. ഇടത്,ദലിത്,ആദിവാസി മുസ്‌ലിം സംഘടനകള്‍ ഒരുമിച്ച് അലയന്‍സ് ഫോര്‍ ജസ്റ്റീസ് എന്ന ബാനറിന് കീഴില്‍ അണിനിരക്കുകയാണ്. എഎസ്എയുടെ നേതാവ് ശ്രീരാഗ് പൊയ്ക്കാടനാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. വിയോജിപ്പുകള്‍ക്കിടയിലും പൊതുശത്രുവിനെതിരെ യോജിച്ച് പോരാട്ടത്തിനിറങ്ങുകയാണ് തങ്ങളെന്ന് ശ്രീരാഗ് സമകാലിക മലയാളത്തോട് പറഞ്ഞു. 

ഹൈദരബാദ് യൂണിവേഴ്‌സിറ്റിയില്‍ മാത്രമല്ല,രാജ്യത്തെ എല്ലാ സര്‍വ്വകലാശാലകളിലും സംഘപരിവാര്‍ നയം നടപ്പിലാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.പുരോഗമന സ്വഭാവം കാത്തു സൂക്ഷിക്കുന്ന സംഘടനകള്‍ഒരുമിച്ച് നിന്ന്‌ പ്രതിരോധിക്കേണ്ടതുണ്ട് എന്ന തോന്നലാണ് എസ്എഫ്‌ഐയുമായി സഖ്യമുണ്ടാക്കാന്‍ എഎസ്എയെ പ്രേരിപ്പിച്ചത്.എഎസ്എ നേതൃത്വം നല്‍കുന്ന എസ്‌ഐഒ, എംഎസ്എഫ് എന്നിവര്‍ അടങ്ങിയ സഖ്യവും എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന ഡിഎസ്എഫ്,ഡിഎസ്‌യു,ടിവിവി എന്നീ സംഘടനകളുള്‍പ്പെടുന്ന സഖ്യവും ചേര്‍ന്ന് ഒരു വിശാല സഖ്യം ഉണ്ടാക്കിയിരിക്കുകയാണ് -ശ്രീരാഗ് പറഞ്ഞു

എസ്‌ഐഒ ഞങ്ങളുടെ സഖ്യകക്ഷിയാണ്. അവരെ ഒഴിവാക്കണം എന്ന് ആദ്യം എസ്എഫ്‌ഐ നിലപാടെടുത്തിരുന്നു. എന്നാല്‍ പൊതുശത്രു എബിവിപിയാണ് എന്നിരിക്കെ എസ്‌ഐഒയെയും എംഎസ്എഫിനേയും ഒഴിച്ചു നിര്‍ത്തേണ്ടതില്ല എന്ന് എഎസ്എ നിലപാടെടുക്കുകയായിരുന്നു. ഇടത്, അംബേദ്കര്‍, ആദിവാസി, ന്യൂനപക്ഷ സംഘടനകള്‍ എല്ലാവരും തന്നെ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്.എഎസ്എ അത്രയും ഇസ്ലാമിക് ഫോബിക്കല്ല.അതുകൊണ്ടാണ് എസ്‌ഐഒയെയും എംഎസ്എഫിനേയും കൂടെ ചേര്‍ക്കുന്നത്-ശ്രീരാഗ് പറഞ്ഞു. എസ്‌ഐഒയ്ക്കും എംഎസ്എഫിനുമൊപ്പം എസ്എഫ്‌ഐ സഖ്യമുണ്ടാക്കുന്നതിലെ ആശയ പ്രശ്‌നങ്ങളെപ്പറ്റി ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞ സാഹചര്യത്തിലാണ് സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തന്നെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. 

പൊതുശത്രുവിനെ നേരിടാന്‍ വേണ്ടി പ്രത്യയശാസ്ത്രപരമായ തര്‍ക്കങ്ങള്‍ മാറ്റിവെക്കുന്നതില്‍ തെറ്റില്ല.കാരണം അത്രമേല്‍ എബിവിപി നാടിനാപത്താണ്. പ്രത്യയശാസ്ത്രപരമായി എസ്എഫ്‌ഐയോട് എഎസ്എയ്ക്ക് വിയോജിപ്പുകള്‍ ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ട്.എന്നിരുന്നാലും വിയോജിപ്പുകള്‍ക്കിടയിലെ യോജിപ്പാണ് ഞങ്ങളിവിടെ സാധ്യമാക്കാന്‍ ശ്രമിക്കുന്നത് എന്ന് ശ്രീരാഗ് പറഞ്ഞു. 

ശ്രീരാഗ് പൊയ്ക്കാടന്‍
 

ഡല്‍ഹി യൂണിവേഴ്‌സിറ്റി പോലുള്ള സര്‍വ്വകലാശാലകളില്‍ എബിവിപി എങ്ങനെയാണ് ഭരണം നടത്തിയിരുന്നത് എന്നത് നമ്മള്‍ കണ്ടറിഞ്ഞതാണ്. അവരെ ചെറുക്കുക എന്നതാണ് ഇക്കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളി. ഓരോ ദിവസവും പുതിയ നുണകളുമായി അവര്‍ കളം നിറയുകയാണ്. ആ നുണകളേയും അക്രമങ്ങളേയും എതിര്‍ത്ത് തോല്‍പ്പിച്ചാല്‍ മാത്രമേ രാജ്യത്തിന് നിലനില്‍പ്പുണ്ടാകുകയുള്ളു. 
വിദ്യാര്‍ത്ഥികള്‍ കുറച്ചുകൂടി ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെ പക്വമായി നോക്കി കാണുന്നുണ്ട്. അതിന്റെ തെളിവാണ് ജെഎന്‍യുവിലും ഡിയുവിലും ത്രിപുരിയിലും പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലും ഒക്കെ എബിവിപിയ്ക്ക് ഏറ്റ കനത്ത തിരിച്ചടി, ശ്രീരാഗ് പറയുന്നു. 

ആര്‍എസ്എസ് എന്ന തീവ്ര വലതുപക്ഷ സംഘടനയേയും അതിന്റെ അജണ്ടകളേയും ചെറുത്ത് തോല്‍പ്പിക്കാന്‍ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ സംഘടനകളും ഒരുമിക്കേണ്ടതുണ്ട്.അവിടെ ഇടതുണ്ടാകണം,അംബേദ്കറൈറ്റുകള്‍ ഉണ്ടാകണം,ആദിവാസികളും മുസ്‌ലിങ്ങളും ഉണ്ടാകണം. കമ്മ്യൂണിസ്റ്റുകളും അംബേദ്കറൈറ്റുകളും രാജ്യത്ത് എവിടേയും  കലാപം നടത്തിയിട്ടില്ല. കലാപങ്ങള്‍ നടത്തുന്നത്,ആളുകളെ ചുട്ടെരിക്കുന്നത് എല്ലാം സംഘപരിവാറാണ്. രോഹിത് വെമുല ഒരു പ്രതീകമാണ്, ഇന്ത്യയിലൊട്ടാകെ പീഡനം അനുഭവിച്ചുകൊണ്ടിരിക്കുന്നവരുടെ പ്രതീകം. ഇത്തരം പ്രശ്‌നങ്ങള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യപ്പെടണം. സംഘപരിവാര്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് വിദ്യാര്‍ത്ഥികളേയും അംബേദ്കറൈറ്റ്,കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരേയുമാണ്. അതുകൊണ്ടാണവര്‍ സര്‍വ്വകലാശാലകള്‍ ലക്ഷ്യം വെക്കുന്നത്.

എബിവിപിയ്ക്ക് എതിരെ മാത്രമല്ല സഖ്യം, പിന്തിരിപ്പന്‍ നിലപാട് നിരന്തരം സ്വീകരിക്കുകയും സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ പരസ്യ വക്താക്കളാകുയും ചെയ്യുന്ന യൂണിവേഴ്സ്റ്റിയ്‌ക്കെതിരേയും കൂടിയാണ്. അപ്പാറാവു എന്ന വിസി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ചെയ്തുവരുന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. ഈയടുത്ത് ഒരു തെലുങ്ക് ടിവി അഭിമുഖത്തില്‍ അപ്പാറാവു പങ്കെടുക്കുകയുണ്ടായി. അപ്പോള്‍ വിസി പറയുന്നത് സത്യമാണോ നുണയാണോ എന്ന് ലൈവ് പോളിങ്ങ് ഉണ്ടായിരുന്നു.അതില്‍ 65ശതമാനം ആളുകളു വിസി പറയുന്നത് നുണയാണെന്നാണ് വോട്ട് ചെയ്തത്,ശ്രീരാഗ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം എന്‍എസ്‌യുഐ സഖ്യത്തിനൊപ്പം നില്‍ക്കാന്‍ കൂട്ടാക്കിയില്ല. സ്വയം ഒഴിഞ്ഞുപോയതാണ് എന്ന് ശ്രീരാഗ് പറയുന്നു. എസ്എഫ്‌ഐ എന്‍എസ്‌യുഐയ്ക്ക് എതിരായിരുന്നു എന്നത് ഒരു കാരണമായി അവര്‍ എടുത്തു കാട്ടി. എന്നാല്‍ ആപ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്നതായിരുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് നില്‍ക്കാതെ എന്‍എസ്‌യുഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരാര്‍ത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു-ശ്രീരാഗ് വിശദീകരിച്ചു.  

എബിവിപിക്കെതിരെ ഇടത്-ദലിത് സംഘടനകള്‍ ഒരുമിക്കണമെന്ന ആവശ്യം കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഉയര്‍ന്നു വന്നിരുന്നെങ്കിലും സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്എഫ്‌ഐ സഖ്യവും എഎസ്എയും വെവ്വേറെ മത്സരിക്കുകയായിരുന്നു.മുഴുവന്‍ സീറ്റുകളും എസ്എഫ്‌ഐ സഖ്യം നേടിയിരുന്നു.എന്നാല്‍ ഇത്തവണ മാറ്റം വന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഭിന്നിച്ചു നിന്നാല്‍ എബിവിപി വിജയിക്കും എന്ന ബോധ്യമാണ് എസ്എഫ്‌ഐയേയും എഎസ്എയും ഒരുമിച്ച് നിര്‍ത്താന്‍ പ്രേരിപ്പിച്ചത്. 
സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെയാണ്: പ്രസിഡന്റ്‌റ് ശ്രീരാഗ് പി. (എഎസ്എ), വൈസ് പ്രസിഡന്റ്‌റ് ലുനാവത് നരേഷ് (െ്രെടബല്‍ സ്ടുഡന്റ്‌സ് ഫോറം ടിഎസ്എഫ്), ജനറല്‍ സെക്രട്ടറി ആരിഫ് മുഹമ്മദ് (എസ്എഫ്‌ഐ), ജോയിന്റ് സെക്രട്ടറി മുഹമ്മദ് ആഷിഖ് എന്‍.പി (എംഎസ്എഫ്), സ്‌പോട്‌സ് സെക്രട്ടറി ലോലം ശ്രാവന്‍ കുമാര്‍ (ദലിത് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഡിഎസ്‌യു), കള്‍ച്ചറല്‍ സെക്രട്ടറി ഗുണ്ടേതി അഭിഷേക് (ഡിഎസ്‌യു).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com