ന്യൂനപക്ഷങ്ങള്‍ക്കായി വാചകമടി മാത്രമാണ് ബിജെപി നടത്തുന്നത്; പുറത്താക്കിയ കാര്യം അറിയിച്ചത് വാട്‌സ്ആപ്പിലൂടെ:ബെനസീര്‍ അര്‍ഫാന്‍ 

ന്യൂനപക്ഷങ്ങള്‍ക്കായി വാചകമടി മാത്രമാണ് ബിജെപി നടത്തുന്നതെന്നും പാര്‍ട്ടിയില്‍ മുസ്‌ലിങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ലെന്നും  ബെനസീര്‍ അര്‍ഫാന്‍
ന്യൂനപക്ഷങ്ങള്‍ക്കായി വാചകമടി മാത്രമാണ് ബിജെപി നടത്തുന്നത്; പുറത്താക്കിയ കാര്യം അറിയിച്ചത് വാട്‌സ്ആപ്പിലൂടെ:ബെനസീര്‍ അര്‍ഫാന്‍ 

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കായി വാചകമടി മാത്രമാണ് ബിജെപി നടത്തുന്നതെന്നും പാര്‍ട്ടിയില്‍ മുസ്‌ലിങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ലെന്നും റോഹിങ്ക്യകളെ അനുകൂലിച്ച് നിലപാടെടുത്തതിന്റെ പേരില്‍ ബിജെപി പുറത്താക്കിയ വനിത മുസ്‌ലിം നേതാവ്.തന്നെ പുറത്താക്കിയ കാര്യം വാട്‌സ്ആപ്പിലൂടെ മെസേജായി ആണ് പാര്‍ട്ടി അറിയിച്ചതെന്നും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളാരും തന്നോട് വിശദീകരണം ചോദിച്ചില്ലെന്നും അസമിലെ  മസ്ദൂര്‍ മോര്‍ച്ച എക്‌സിക്യൂട്ടീവ് മെമ്പറായ ബെനസീര്‍ അര്‍ഫാന്‍ പറയുന്നു. 
 
റോഹിങ്ക്യകള്‍ക്കായി നടക്കാന്‍ പോകുന്ന പ്രാര്‍ത്ഥന പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് അര്‍ഫാനെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തത്. അതിന് പിന്നാലെ പ്രാഥമിക മെമ്പര്‍ഷിപ്പില്‍ നിന്നും പുറത്താക്കുകയായിരുന്നു. അര്‍ഫാന്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് അസം ബിജെപി അധ്യക്ഷന്‍ നല്‍കിയിരിക്കുന്ന വിശദീകരണം. 

എന്നാല്‍ താന്‍ എന്ത് തരം വിരുദ്ധ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് മനസ്സിലാകുന്നില്ലെന്ന്‌ അര്‍ഫാന്‍ പ്രതികരിച്ചു. ദേശീയ തലത്തില്‍ തന്നെ ബിജെപിയുടെ മുസ്‌ലിം മുഖങ്ങളില്‍ പ്രധാനിയായിരുന്നു അര്‍ഫാന്‍. ഇവരെ മുത്തലാഖിന്റെ ഇരയായി ഉയര്‍ത്തിക്കാട്ടി രാജ്യം മുഴുവന്‍ ബിജെപി പ്രചാരണം നടത്തിയിരുന്നു.

സിവില്‍ എഞ്ചിനിയറായിരുന്ന അര്‍ഫാന്‍, ജോലി രാജിവെച്ചാണ് 2015ല്‍ ബിജെപിയില്‍ ചേരുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന അസം നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. 

സോഷ്യല്‍ മീഡിയയില്‍ അര്‍ഫാന്‍ പോസ്റ്റ് ചെയ്ത മെസ്സേജ് വ്യാപകമായി പ്രചരിച്ചതോടെയാണ് ബിജെപി നടപടി സ്വീകരിച്ചത്.സംഭവത്തില്‍ വിശദീകരണം ചോദിച്ച പാര്‍ട്ടി അച്ചടക്ക സമിതിയോട് മൂന്നു ദിവസത്തിനുള്ളില്‍ തന്നെ താന്‍ വിശദീകരണം നല്‍കിയിരുന്നുവെന്ന് അര്‍ഫാന്‍ പറയുന്നു. റോഹിങ്ക്യകളെ പുറത്താക്കണം എന്നും അവര്‍ രാജ്യത്തിന് ഭീഷണിയാണെന്നുമാണ് ബിജെപിയുടെ നിലപാട്. 

അച്ചടക്ക സമിതിയുടെ നിര്‍ദേശ പ്രകാരമാണ് അര്‍ഫാനെ പുറത്താക്കുന്നത് എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് സൈക്യ പറഞ്ഞിരിക്കുന്നത്. 

പാര്‍ട്ടിയില്‍ ഉന്നത നേതാക്കന്‍മാരുമായി അടുത്ത ബന്ധമുള്ള ഒരു വനിതാ നേതാവിനെതിരെ പരാതിപ്പെട്ടതിന് ശേഷമാണ് തനിക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നത് എന്നാണ് അര്‍ഫാന്‍ പറയുന്നത്. തനിക്കെതിരെ നടപടിയെടുക്കാന്‍ തുനിഞ്ഞ ബിജെപി, പ്രാര്‍ത്ഥന പരിപാടി ആസുത്രണം ചെയ്ത മറ്റൊരു വനിതാ നേതാവിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലായെന്നും അര്‍ഫാന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com