സമ്പദ്ഘടനയിലെ പിന്നോട്ടടി; പ്രധാനമന്ത്രി സാമ്പത്തിക വിദഗ്ധരുടെ ഉന്നതതല യോഗം വിളിച്ചു

ആദ്യമായാണ് സാമ്പത്തിക രംഗത്തെ പിന്നോട്ട് പോക്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മോദി തയ്യാറാകുന്നത്
സമ്പദ്ഘടനയിലെ പിന്നോട്ടടി; പ്രധാനമന്ത്രി സാമ്പത്തിക വിദഗ്ധരുടെ ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യം മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലല യോഗം ചേരും. സമ്പദ്ഘടന പിന്നാക്കം പോയെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് മോദി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ധനമന്ത്രി അരുണ്‍ ജെയ്റ്റിലും മറ്റ് സാമ്പത്തിക വിദ്ഗധരും യോഗത്തില്‍ പങ്കെടുക്കും. ആദ്യമായാണ് സാമ്പത്തിക രംഗത്തെ പിന്നോട്ട് പോക്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മോദി തയ്യാറാകുന്നത്. 

സാമ്പത്തിക വളര്‍ച്ച മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 5.7 ശതമാനത്തിലേക്ക് ഇടിഞ്ഞതായ റിസര്‍വ് ബാങ്ക് കണക്ക് പുറത്തുവന്നതിന് ശേഷം മോദിയുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. കഴിഞ്ഞ കൊല്ലം ഈ പാദത്തില്‍ 7.9 ശതമാനമായിരുന്നു വളര്‍ച്ച.

നോട്ട് നിരോധനവും വേണ്ടത്ര ആലോചനയില്ലാതെ ചരക്ക് സേവന നികുതി നടപ്പിലാക്കിയതും രാജ്യത്തെ സമ്പദ്വ്യവസ്ഥയെ പിന്നോട്ടടിച്ചുവെന്ന് വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഏഴര ശതമാനം വളര്‍ച്ചയെന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ലെന്ന് സാമ്പത്തിക സര്‍വ്വെ മുന്നറിയിപ്പ് നല്‍കിയിരുന്നു.കയറ്റുമതിയും കുറഞ്ഞു.നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതവും ചരക്ക് സേവന നികുതി നടപ്പാക്കിയതിലെ അപാകതകളും ചര്‍ച്ചയ്ക്ക് വരുമെന്ന് വിവരങ്ങള്‍ ലഭിക്കുന്നു. 

നരേന്ദ്ര മോദിയുടെ അപക്വമായ തീരുമാനങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ച കുറച്ചെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മേഹന്‍ സിങ് വിമര്‍ശിച്ചിരുന്നു. തിടുക്കത്തില്‍ ചരക്ക്‌സേവന നികുതി (ജി.എസ്.ടി.) നടപ്പാക്കിയതും നോട്ടുനിരോധനവും രാജ്യത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. 
അസംഘടിതമേഖലയെയും ചെറുകിട വ്യവസായങ്ങളെയുമാണ് ഇതു ബാധിച്ചത്. ഈ രണ്ടു മേഖലയില്‍നിന്നാണ് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) 40 ശതമാനം ലഭിക്കുന്നത്.രാജ്യത്തെ 90 ശതമാനം ആളുകളും ജോലിചെയ്യുന്നത് അസംഘടിതമേഖലയിലാണ്. ഇതു കണക്കിലെടുക്കാതെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം മന്‍മോഹന്‍സിങ് കുറ്റപ്പെടുത്തി.

രാജ്യത്ത് നിലവിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളും നിരോധിച്ചത് ജനജീവിതത്തെ സാരമായി ബാധിച്ചു. ചരക്ക്‌സേവന നികുതി പൂര്‍ണതോതില്‍ നടപ്പാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.ഇപ്പോഴുള്ള ചരക്ക്‌സേവന നികുതിയില്‍ നിറയെ അപാകങ്ങളുണ്ട് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com