രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഭദ്രമല്ല; മാന്ദ്യം യാഥാര്‍ഥ്യം: എസ്ബിഐ

രാജ്യത്തെ സമ്പദ് വ്യവസ്ഥ ഭദ്രമാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ തള്ളി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് എസ്ബിഐ
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഭദ്രമല്ല; മാന്ദ്യം യാഥാര്‍ഥ്യം: എസ്ബിഐ

മുംബൈ: രാജ്യത്തെ സമ്പദ് വ്യവസ്ഥ ഭദ്രമാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ തള്ളി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് എസ്ബിഐ. രാജ്യത്ത് സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നുവെന്നും ഇത് 'ക്ഷണികമോ താത്കാലികമോ' അല്ലെന്നും ബാങ്കിന്റെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നോട്ടുനിരോധനവും ചരക്കുസേവന നികുതി നടപ്പാക്കിയതും വളര്‍ച്ചയെ പിന്നോട്ടടിച്ചെന്ന വാദങ്ങളെ സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രതിരോധിച്ച് വരുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തരോദ്പാദന( ജിഡിപി.) വളര്‍ച്ചനിരക്ക് 5.7 ആയി കൂപ്പുകുത്തിയിരുന്നു. മൂന്നുവര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വിദഗ്ധരുടെ യോഗം വിളിച്ചിരുന്നു. 

മാന്ദ്യം സാങ്കേതികമാണെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വാദത്തേയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തള്ളിക്കളയുന്നു. 2016 സെപ്റ്റംബര്‍ മുതല്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ മുരടിപ്പ് അനുഭവപ്പെടുന്നുണ്ട്. ജനം കൂടുതല്‍ പണം ചെലവഴിക്കാതെ പ്രശ്‌നത്തില്‍നിന്ന് കരകയറാനാകില്ല.വിപണിയില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകും. ധനകമ്മിയെയും കടബാധ്യതയെയും കുറിച്ച് ചിന്തിക്കാതെ സര്‍ക്കാര്‍ ബോധപൂര്‍വം വിപണയില്‍ ഇടപെണം, എസ്ബിഐ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഷോഘ് പറഞ്ഞു. 

2008ലെ ആഗോളമാന്ദ്യത്തിനുശേഷം മുന്‍സര്‍ക്കാര്‍ ഇതുപോലെ സമ്പദ്ഘടനയില്‍ ഇടപെടലുകള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നു.ഇതിനെ 'സാമ്പത്തിക ദുര്‍നടപ്പ്' ആയാണ് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സികള്‍ വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ റേറ്റിങ് കുറയ്ക്കുമെന്നും ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കിയെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. അത്തരം നടപടി ഇപ്പോള്‍ സ്വീകരിക്കണം,റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com