വനിതാസംവരണ ബില്‍ ശൈത്യകാല സമ്മേളനത്തില്‍; പിന്തുണയറിയിച്ച സോണിയക്ക് ബിജെപിയുടെ പരിഹാസം

വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും
വനിതാസംവരണ ബില്‍ ശൈത്യകാല സമ്മേളനത്തില്‍; പിന്തുണയറിയിച്ച സോണിയക്ക് ബിജെപിയുടെ പരിഹാസം

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ സമയത്ത് കോളിളിക്കം സൃഷ്ടിച്ച വനിതാ സംവരണ വിഷയം വീണ്ടും ചര്‍ച്ചയാകുന്നു. നിയമസഭകളിലും പാര്‍ലമെന്റിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. 

ഇതു സംബന്ധിച്ച ആലോചനകള്‍ ഔദ്യോഗികവൃത്തങ്ങളില്‍ സജീവമായി. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മാത്രമല്ല, രാജ്യസഭയിലും വനിതകള്‍ക്ക് മൂന്നിലൊന്ന് സീറ്റുകള്‍ സംവരണം ചെയ്യണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. പുതിയ ബില്ലില്‍ അതുള്‍പ്പെടുത്താനാണ് സാധ്യത. നേരത്തേ തയ്യാറാക്കിയ ബില്ലില്‍ രാജ്യസഭയില്‍ സംവരണം നിര്‍ദേശിച്ചിരുന്നില്ല. 

യുപിഎ സര്‍ക്കാറിന്റെ കാലത്ത് ഏറെ ബഹളങ്ങള്‍ക്കുശേഷം 2010 മാര്‍ച്ച് ഒമ്പതിന് വനിതാസംവരണ ബില്‍ രാജ്യസഭ പാസാക്കിയിരുന്നു. എതിര്‍പ്പുയര്‍ത്തിയ എംപിമാരെ സഭയില്‍നിന്ന് ബലംപ്രയോഗിച്ച് പുറത്താക്കിയ ശേഷമാണ് ബില്‍ പാസാക്കിയത്.

പതിനഞ്ചാം ലോക്‌സഭ പിരിച്ചുവിട്ടതോടെ രാജ്യസഭ പാസാക്കിയ ബില്‍ കാലഹരണപ്പെടുകായിരുന്നു. ഇനി പുതിയ ബില്‍ കൊണ്ടുവരണം. ലോക്‌സഭയില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ പരിഷ്‌കരിച്ച ബില്‍ ലോക്‌സഭയില്‍ത്തന്നെ ആദ്യം അവതരിപ്പിച്ച് പാസാക്കാനാണ് സാധ്യത. 

അതേസമയം വനിതാസംവരണ ബില്‍ പാസാക്കുവാന്‍ പൂര്‍ണപിന്തുണ നല്‍കുമെന്നറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കത്തയച്ചു. ലോക്‌സഭയിലെ ഭൂരിപക്ഷം പ്രയോജനപ്പെടുത്തി വനിതാസംവരണം ബില്‍ പാസാക്കണമെന്ന് സോണിയ കത്തിലൂടെ ആവശ്യപ്പെട്ടു. ബില്ല് വനിതാ ശാക്തീകരണത്തിലെ സുപ്രധാന ചുവടുവെയ്പാകുമെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് അദ്ധ്യക്ഷ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും കത്തിലൂടെ അറിയിച്ചു.

എന്നാല്‍ കത്തിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തി. പ്രധാനമന്ത്രിയ്ക്ക് പകരം സഖ്യകക്ഷികള്‍ക്കാണ് കത്തെഴുതേണ്ടതെന്ന് ബിജെപി വക്താവ് ജി വി നരസിംഹ റാവു പരിഹസിച്ചു.പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതിന് പകരം യുപിഎ അധികാരത്തിലിരുന്ന സമയത്ത് വനിതാ സംവരണ ബില്ലിനെ എതിര്‍ത്തത് എന്തിനെന്ന് ചോദിച്ച് സഖ്യകക്ഷി നേതാക്കളായ ലാലു പ്രസാദ് യാദവിനും മുലായം സിങ് യാദവിനുമാണ് സോണിയ ഗാന്ധി എഴുതേണ്ടിയിരുന്നത്, നരസിംഹറാവു പറഞ്ഞു. 

യുപിഎ കാലത്ത് ബില്ല് അവതരിപ്പിക്കുന്നതതിനെതിരെ ശക്തമായ പ്രതിഷേധമാണ് മുലായം സിങ് യാദവും ലാലു പ്രസാദ് യാദവും ഉയര്‍ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com