ഭാരതയാത്രയുമായി രാഹുല്‍ വരുന്നു; പര്യടനം കോണ്‍ഗ്രസ് അധ്യക്ഷ പദവിയേറ്റ ശേഷം

2019ലെ പൊതു തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ചുവടുവെയ്പ്പായിരിക്കുമിത്
ഭാരതയാത്രയുമായി രാഹുല്‍ വരുന്നു; പര്യടനം കോണ്‍ഗ്രസ് അധ്യക്ഷ പദവിയേറ്റ ശേഷം

ന്യൂഡല്‍ഹി: കേണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിന് പിന്നാലെ ഭാരതയാത്രയ്‌ക്കൊരുങ്ങി രാഹുല്‍ ഗാന്ധി. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള യാത്രയിലൂടെ സര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്താനും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറ്റിയെടുക്കുകയാകും യാത്രയുടെ മുഖ്യലക്ഷ്യം. അടുത്തകാലത്തു രാഹുലിന്റെ വ്യക്തിത്വത്തിലും പ്രതിച്ഛായയിലുമുണ്ടായ മാറ്റം ഇതിനു സഹായകമാകുമെന്നു പാര്‍ട്ടി വിലയിരുത്തുന്നു. റാലികളും ജനസമ്പര്‍ക്ക പരിപാടികളും ഇതിന്റെ ഭാഗമായിരിക്കും. ഫലത്തില്‍ 2019ലെ പൊതു തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ചുവടുവെയ്പ്പായിരിക്കുമിത്.

ബിജെപിയ്‌ക്കെതിരെ ജനാധിപത്യ,മതേതര സംഘടനകളെ ഒരുമിപ്പിക്കാനും വിശാല സഖ്യം രൂപീകരിക്കാനും ഈ യാത്ര കൊണ്ട് സാധിക്കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

അടുത്ത മാസം 30നാണു കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പു പൂര്‍ത്തിയാകുക.ഇതോടെ രാഹുല്‍ പാര്‍ട്ടി അധ്യക്ഷനാകും. പ്രക്രിയ ഇനിയും വൈകിക്കാതെ അധികാരം കൈമാറണമെന്ന താല്‍പര്യം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളേയും അറിയിച്ചിട്ടുണ്ട്. 

രാഹുല്‍ അധ്യക്ഷപദവിയിലെത്തുന്നതിനു പുറമെ വിശ്വസ്തരുടെ പുതിയൊരു സംഘവും നേതൃനിരയിലെത്തും. ചെറുപ്പക്കാര്‍ക്കൊപ്പം പരിചയസമ്പന്നരായ മുതിര്‍ന്ന നേതാക്കളും ഉപദേശകവൃന്ദത്തിലുണ്ടാകുമെന്ന് ഒരു മുതിര്‍ന്ന നേതാക്കളും ഉപദേശകവൃന്ദത്തിലുണ്ടാകുമെന്ന് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനെതിരെ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ കൃത്യമായി അവതരിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് പിന്നാലെ ബിജെപി നേതാക്കള്‍ പരിഹാസവുമായി എത്തിയത് രാഹുല്‍ കരുത്തനായ നേതാവായി മാറുന്നതിനെ അവര്‍ ഭയക്കുന്നുവെന്നതിന്റെ സൂചനയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com