ഗുജറാത്തില്‍ തുറന്ന ജീപ്പില്‍ റോഡ് ഷോ നടത്താന്‍ അനുവാദമില്ല; കാളവണ്ടിയില്‍ പര്യടനത്തിന് രാഹുല്‍ ഗാന്ധി

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ത്രിദിന പര്യടനത്തിന് ഇന്നു തുടക്കം
ഗുജറാത്തില്‍ തുറന്ന ജീപ്പില്‍ റോഡ് ഷോ നടത്താന്‍ അനുവാദമില്ല; കാളവണ്ടിയില്‍ പര്യടനത്തിന് രാഹുല്‍ ഗാന്ധി

ദ്വാരക: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ത്രിദിന പര്യടനത്തിന് ഇന്നു തുടക്കം. സൗരാഷ്ട്ര മേഖല കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പര്യടനം. ഇവിടെ തുറന്ന ജീപ്പിലെ റോഡ് ഷോയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ കാളവണ്ടിയിലാണ് രാഹുലിന്റെ പര്യടനം. 

ഗുജറാത്ത് രാഷ്ട്രീയത്തില്‍ ഏറെ പ്രധാനപ്പെട്ട മേഖലയാണ് സൗരാഷ്ട്ര. 182 അംഗ നിയമസഭയില്‍ മൂന്നിലൊന്നോളം അംഗങ്ങളും ഇവിടെ നിന്നാണ്. മതപരമായി ഏറെ പ്രാധാന്യമുള്ള ദ്വാരകയും സൗരാഷ്ട്രയുടെ ഭാഗമാണ്. 

ദ്വാരകയിലെ ദ്വാരകാധീഷ് കൃഷ്ണ ക്ഷേത്രത്തിലെ പ്രാര്‍ഥനയ്ക്കുശേഷമാണു രാഹുല്‍ തന്റെ പര്യടനം ആരംഭിക്കുക. ഇവിടെനിന്ന് ജാംനഗറിലെത്തുന്ന അദ്ദേഹം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വച്ചു ജനങ്ങളുമായി സംവദിക്കും. ദ്വാരകയില്‍നിന്ന് ജാംനഗറിലേക്കുള്ള 135 കിലോമീറ്റര്‍ തുറന്ന ജീപ്പില്‍ യാത്രചെയ്യാനായിരുന്നു രാഹുലിന്റെ തീരുമാനം. എന്നാല്‍ ഇതിന് സുരക്ഷാ കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി പൊലീസ് അനുവാദം നല്‍കിയില്ല. 

സിസിടിവി ക്യാമറകള്‍ പ്രത്യേകമായി ഘടിപ്പിച്ച ബസിലാകും രാഹുല്‍ ഈ ദൂരം യാത്ര ചെയ്യുക. എന്നാല്‍ ദ്വാരകയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഹന്‍ജ്‌റാപര്‍ ഗ്രാമത്തില്‍ കാളവണ്ടിയിലാകും രാഹുല്‍ പ്രവേശിക്കുകയെന്നാണ് വിവരമെന്നു വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍ഐസ് റിപ്പോര്‍ട്ട് ചെയ്തു. പട്ടേല്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഹാര്‍ദിക് പട്ടേലിന്റെ ജന്മനാടായ വിരാമംഗാമില്‍ വച്ചാണ് ത്രിദിന പര്യടനം രാഹുല്‍ അവസാനിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com