mamata_mukul_roy
mamata_mukul_roy

ബംഗാളില്‍ തൃണമൂലിനു വന്‍ തിരിച്ചടി; മമതയുടെ വലംകൈ മുകുള്‍ റോയ് ബിജെപിയിലേക്ക്

പാര്‍ട്ടി അംഗത്വവും എംപി സ്ഥാനവും അടുത്തയാഴ്ച രാജി വയ്ക്കുമെന്ന് മുകുള്‍ റോയ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. തൃണമൂല്‍ നേതൃത്വത്തിലെ രണ്ടാമനും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലങ്കൈ എന്ന് അറിയപ്പെടുന്ന നേതാവുമായ മുകുള്‍ റോയ് ബിജെപിയില്‍ ചേരുന്നു. പാര്‍ട്ടി അംഗത്വവും എംപി സ്ഥാനവും അടുത്തയാഴ്ച രാജി വയ്ക്കുമെന്ന് മുകുള്‍ റോയ് പ്രഖ്യാപിച്ചു. ഭാവിപരിപാടികള്‍ അതിനു ശേഷം അറിയിക്കുമെന്നാണ് റോയ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.

തൃണമൂല്‍ നേതൃത്വത്തിലെ പ്രമുഖനുമായി പാര്‍ട്ടി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി പശ്ചിമ ബംഗാള്‍ ഘടകം പ്രസിഡന്റ് ദിലീപ് ഘോഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ആരാണെന്ന് ഘോഷ് അറിയിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് പാര്‍ട്ടി വിടുകയാണെന്ന് മുകുള്‍ റോയ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയില്‍ ചേരുന്നതു സംബന്ധിച്ച് റോയ് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം ബിജെപിയുടെ ഭാഗമാവുമെന്നു തന്നെയാണ് സൂചന. 

''റോയ് വലിയ നേതാവാണ്. അദ്ദേഹം ബിജെപിയില്‍ ചേരുമോയെന്ന് എനിക്കറിയില്ല, എന്നാല്‍ ഡല്‍ഹിയില്‍ ഞങ്ങളുടെ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ട്'' -മുകുള്‍ റോയിയുടെ ബിജെപി പ്രവേശത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ദിലീപ് ഘോഷ് പ്രതികരിച്ചത് ഇങ്ങനെയാണ്.

മുന്‍ റെയില്‍വേ മന്ത്രി കൂടിയായ മുകുള്‍ റോയ് കുറെക്കാലമായി പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടി മുഖപത്രത്തിന്റെ ദുര്‍ഗ പൂജ പതിപ്പ് പ്രകാശന ചടങ്ങില്‍നിന്ന് റോയ് വിട്ടുനിന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com