കോര്‍പ്പറേറ്റുകള്‍ക്ക് കൈനിറയെ സഹായം,കര്‍ഷകര്‍ക്ക് കൈവിലങ്ങ്; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി 

നിലക്കടലയ്ക്കു ന്യായവില കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു വാഹനത്തിനു ചുറ്റും കൂടിനിന്ന കര്‍ഷകരുടെ മറുപടി
കോര്‍പ്പറേറ്റുകള്‍ക്ക് കൈനിറയെ സഹായം,കര്‍ഷകര്‍ക്ക് കൈവിലങ്ങ്; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി 

ദ്വാരക: മോദി സര്‍ക്കാര്‍ പാവപ്പെട്ടവരുടെ സര്‍ക്കാരല്ലെന്നും കോര്‍പ്പറേറ്റുകളൂടേതാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ ത്രിദിന പര്യടനത്തിന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനഞ്ച് വന്‍ വ്യവസായ സ്ഥാപനങ്ങളുടെ 1.3 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയ സര്‍ക്കാര്‍ എന്തുകൊണ്ട് കര്‍ഷകര്‍ക്ക് ഇളവ് നല്‍കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. വ്യവസായ വായ്പ നല്‍കിയ ഏഴുലക്ഷം കോടി രൂപ തിരിച്ചടച്ചിട്ടില്ല. വ്യവസായികള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമ്പോള്‍ വായ്പ മുടങ്ങിയ കര്‍ഷകര്‍ക്ക് ജയിലാണെന്നും രാഹുല്‍ തുറന്നടിച്ചു. കോര്‍പ്പറേറ്റുകളെ അവര്‍ കൈയയഞ്ഞ് സഹായിക്കുന്നു. കര്‍ഷകര്‍ക്ക് നല്‍കുന്നതോ കൈവിലങ്ങുകളും,അദ്ദേഹം പറഞ്ഞു. 

നിലക്കടലയ്ക്കു ന്യായവില കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു വാഹനത്തിനു ചുറ്റും കൂടിനിന്ന കര്‍ഷകരുടെ മറുപടി. ഇതു തന്നെയാണു രാജ്യത്തെ എല്ലാ കര്‍ഷകരുടെയും സ്ഥിതിയെന്ന് രാഹുല്‍ പറഞ്ഞു. ആര്‍ക്കും ന്യായവില കിട്ടുന്നില്ല. ഒറ്റദിവസം കൊണ്ടു പ്രഖ്യാപിച്ച നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞുകളഞ്ഞു. കര്‍ഷകര്‍ക്കാണ് ഏറ്റവും വലിയ അടികിട്ടിയത്. ഫോണ്‍ വഴിയോ ഡെബിറ്റ് കാര്‍ഡ് വഴിയോ ഇടപാടുകള്‍ നടത്താത്ത സാധാരണ കര്‍ഷകര്‍ കൂലി നല്‍കാനും വിത്തു വാങ്ങാനും പണമില്ലാതെ വലഞ്ഞു. 

അതിന് പിന്നാലെ ജിഎസ് നടപ്പാക്കി കൂടുതല്‍ ദ്രോഹിച്ചു. ഇത് രാജ്യത്തെ ചെറുകിട വ്യാപാരികളെയും കട ഉടമകളെയും ബാധിച്ചു. ലക്ഷക്കണക്കിനു കടക്കാര്‍ക്കു കച്ചവടം അവസാനിപ്പിക്കേണ്ടിവന്നു. 

വന്‍ വ്യവസായികള്‍ക്കു മാത്രം എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണു 'ഗുജറാത്ത് മോഡല്‍' വികസനം. വെള്ളം, വൈദ്യുതി, ഭൂമി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വ്യവസായികള്‍ക്കു നല്‍കുമ്പോള്‍ പാവപ്പെട്ട കര്‍ഷകന് അവഗണനയാണ് ലഭിക്കുന്നത്. ഇതാണു കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അതു പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടിയുള്ളതാകും. പാവപ്പെട്ടവര്‍ക്കു സൗജന്യ ചികില്‍സയും മരുന്നും ഉറപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു. 

നേരത്തെ തുറന്ന ജീപ്പില്‍ പര്യടനം നടത്താന്‍ രാഹുലിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.ഇതേത്തുടര്‍ന്ന് കാളവണ്ടിയിലാണ് രാഹുല്‍ പര്യടനം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com