മന്‍മോഹന് പിറന്നാള്‍; ആശംസകളുമായി നേതാക്കള്‍

വിമര്‍ശകര്‍ എവിടെ, ഉദാരവത്കരണം അവിടെത്തന്നെയുണ്ട്, അതൊരു യാഥാര്‍ഥ്യം തന്നെയാണ്
മന്‍മോഹന് പിറന്നാള്‍; ആശംസകളുമായി നേതാക്കള്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഇന്ന് എണ്‍പത്തിയഞ്ചാം പിറന്നാള്‍. ലോക സാമ്പത്തിക ക്രമത്തില്‍ പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചെന്ന് ലോകം വിലയിരുത്തുന്ന ഡോ. മന്‍മോഹന്‍ സിങ്ങിന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ്, രാഷ്ട്രീയ ഭേദമെന്യേ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മന്‍മോഹന് പിറന്നാള്‍ ആശംസകളും ദീര്‍ഘായുസും നേര്‍ന്നു. 

1932ല്‍ പഞ്ചാബിലെ ഗാ ഗ്രാമത്തില്‍ ജനിച്ച മന്‍മോഹന്‍ സിങ് ലോകമറിയുന്ന സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയില്‍ ഒട്ടേറെ പദവികള്‍ വഹിച്ച ശേഷമാണ് ഭരണരംഗത്ത് എത്തുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, സൗത്ത് സൗത്ത് കമ്മിഷന്‍ സെക്രട്ടറി ജനറല്‍, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശകന്‍ എന്നിങ്ങനെ വിവിധ പദവികള്‍ വഹിച്ച ഡോ. സിങ്ങിനെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പ്രധാനമന്ത്രി നരസിംഹ റാവു ധനകാര്യ മന്ത്രിയായി നിയമിക്കുകയായിരുന്നു. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ആഗോളീകര, ഉദാരവത്കരണ കാലത്തേക്കു ചുവടുവച്ചത്. റാവു സര്‍ക്കാര്‍ അഭിമുഖീകരിച്ച കറന്‍സി പ്രതിസന്ധിയെ മറികടക്കാന്‍ മന്‍മോഹന്റെ നയങ്ങള്‍ക്കായെങ്കിലും ഉദാരവത്കരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തു. എണ്‍പത്തിയഞ്ചാം പിറന്നാളിന് രണ്ടു ദിനം മുമ്പ് ഒരു ചടങ്ങില്‍ ഇവയ്ക്കു മറുപടി പറഞ്ഞിരുന്നു മന്‍മോഹന്‍. വിമര്‍ശകര്‍ എവിടെ, ഉദാരവത്കരണം അവിടെത്തന്നെയുണ്ട്, അതൊരു യാഥാര്‍ഥ്യം തന്നെയാണ് എന്നാണ് മന്‍മോഹന്‍ ചൂണ്ടിക്കാട്ടിയത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ടു നിരോധത്തെ വിമര്‍ശിച്ച് പാര്‍ലമെന്റില്‍ മന്‍മോഹന്‍ നടത്തിയ പ്രസംഗം സമീപകാലത്ത് ഒരു ഇന്ത്യന്‍ രാഷ്ട്രീയനേതാവിന്റെ ഏറ്റവും കൂടുതല്‍ കേള്‍ക്കപ്പെട്ട പ്രസംഗങ്ങളിലൊന്നായി മാറി.

യുപിഎ രൂപീകരിച്ച് ഭരണത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് അപ്രതീക്ഷിതമായാണ് മന്‍മോഹനെ പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷയുടെ ആ നാടകീയ നീക്കം എത്ര മാത്രം വിജയം കണ്ടെന്ന് പിന്നീടുള്ള ഒരു പതിറ്റാണ്ടുകാലം തെളിയിച്ചു. പതിനേഴു വര്‍ഷം തുടര്‍ച്ചയായി ഭരണത്തിലിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റുവിന് പിന്നില്‍ പത്തു വര്‍ഷത്തെ ഭരണ റെക്കോഡുമായാണ് മന്‍മോഹന്‍ പടിയിറങ്ങിയത്. ഈ ഭരണകാലയളവില്‍ ഏതാണ്ട് മുഴുവന്‍ സമയവും എട്ടു ശതമാനത്തിലേറെ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനായെന്നത് ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സര്‍ക്കാരിനെ വേറിട്ടതാക്കുന്നുണ്ട്. ഗ്രാമീണ  തൊഴിലുറപ്പു പദ്ധതി, വിവരാവകാശ നിയമം എന്നിങ്ങനെ ശ്രദ്ധേയ ഭരണ നടപടികളും അക്കാലത്തുണ്ടായി. 

രണ്ടാം യുപിഎ കാലം പക്ഷേ വിവാദങ്ങളുടെയും വിമര്‍ശനങ്ങളുടേതുമായിരുന്നു. 2ജി, കോമണ്‍വെല്‍ത്ത്, കോള്‍ അഴിമതികള്‍ സര്‍ക്കാരിന്റെ പ്രഭ കെടുത്തി. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതി വിവാദങ്ങള്‍ തന്നെയാണ്, അണ്ണ ഹസാരെ ഉള്‍പ്പെടെയുള്ള അഴിമതി വിരുദ്ധ മുന്നേറ്റങ്ങള്‍ക്കു വഴിയൊരുക്കിയതും അതിന്റെ ചുവടു പിടിച്ച് ബിജെപിക്കു വളര്‍ച്ചയുണ്ടാക്കിയതുമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എങ്കില്‍പോലും രാഷ്ട്രീയ എതിരാളികള്‍ ഉള്‍പ്പെടെ സമ്മതിക്കുന്ന ഒന്നുണ്ട്, ഡോ. മന്‍മോഹന്‍ സിങ് എന്ന ഭരണാധികാരിയുടെ കളങ്കിതമല്ലാത്ത പ്രതിച്ഛായ. സര്‍ക്കാര്‍ അഴിമതി ആക്ഷേപങ്ങളില്‍ മുങ്ങിനില്‍ക്കുമ്പോഴും അതില്‍ ഒന്നുപോലും ഉറക്കെ ഉയര്‍ന്നില്ല, മന്‍മോഹന് എതിരെ.

രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചിട്ടുള്ള മന്‍മോഹന്‍ സിങ്ങിന് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ നെഹ്‌റു ബര്‍ത്ത് സെന്റിനറി അവാര്‍ഡ്, മികച്ച ധനമന്ത്രിക്കുള്ള ഏഷ്യ മണി അവാര്‍ഡ്, മികച്ച ധനമന്ത്രിക്കുള്ള യൂറോപ്പ് മണി അവാര്‍ഡ്, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ആഡം സ്മിത്ത് അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com