ആര്‍ക്കും സൗജന്യമായി വൈദ്യുതി നല്‍കില്ലെന്ന് കേന്ദ്രം; മോദി പറഞ്ഞത് സൗജന്യ നിരക്കില്‍ നല്‍കുമെന്നാണെന്നും കേന്ദ്രം

സൗഭാഗ്യ പദ്ധതിയുടെ ഭാഗമായി ആര്‍ക്കും സൗജന്യമായി വൈദ്യുതി നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.  ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യനിരക്കില്‍ വൈദ്യുതി നല്‍കുമെന്ന് ഊര്‍ജ മന്ത്രാലയം
ആര്‍ക്കും സൗജന്യമായി വൈദ്യുതി നല്‍കില്ലെന്ന് കേന്ദ്രം; മോദി പറഞ്ഞത് സൗജന്യ നിരക്കില്‍ നല്‍കുമെന്നാണെന്നും കേന്ദ്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി  കഴിഞ്ഞ ദിവസം അവതരിപ്പിച്ച സഹജ് ബിജ്‌ലി ഹര്‍ ഘര്‍ യോജന (സൗഭാഗ്യ) പദ്ധതിയുടെ ഭാഗമായി ആര്‍ക്കും സൗജന്യമായി വൈദ്യുതി നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അതേസമയം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യനിരക്കില്‍ വൈദ്യുതി നല്‍കുമെന്ന് ഊര്‍ജ മന്ത്രാലയം വിശദീകരിച്ചു. പദ്ധതിയെ കുറിച്ച് വ്യാപകമായ സംശയങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ മന്ത്രാലയത്തിന്റെ വിശദീകരണം.

രാജ്യത്തെ  ഓരോ വീട്ടിലും വെളിച്ചം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ദൗത്യമെന്നും 2019 മാര്‍ച്ച് 31നകം ഇത് സാഷാത്കരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ വൈദ്യുതി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. പദ്ധതിയുടെ 60 ശതമാനം ചെലവ് കേന്ദ്രം വഹിക്കും. നാലുകോടി വീടുകള്‍ ഇനി വൈദ്യുതികരിക്കാനുണ്ടെന്നും മോദി പറഞ്ഞിരുന്നു. 

എന്നാല്‍ രാജ്യത്തെ ഒരു വിഭാഗത്തില്‍ പെട്ടവര്‍ക്കും വൈദ്യുതി സൗജന്യമായിരിക്കില്ലെന്നും  സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ചുള്ള ചാര്‍ജ്ജ് അടക്കേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. എന്നാല്‍ സൗജന്യമായി വൈദ്യുത കണക്ഷന്‍ നല്‍കും. മറ്റ് വിഭാഗങ്ങള്‍ക്ക് വൈദ്യുത കണക്ഷന് ആദ്യഗഡുവായി 500 രൂപ നല്‍കിയാല്‍ മതി. ബാക്കി തുക തവണകളായി വൈദ്യുതി ബില്ലിനൊപ്പം ഈടാക്കും. 4 കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ എത്തിക്കുന്നതോടെ ഒരു വര്‍ഷം രാജ്യത്ത് 28,000 മെഗാവാട്ടിന്റെയോ  80,000 മില്യന്‍ യൂണിറ്റിന്റെയോ അധിക വൈദ്യുതി ആവശ്യമായി വരും. ഇതിലൂടെ വൈദ്യുത വിതരണക്കമ്പനികള്‍ക്ക് ഏതാണ്ട് 24,000 കോടിയുടെ അധിക വരുമാനം ലഭിക്കും. വൈദ്യുതി ഉപഭോഗത്തില്‍ വരുന്ന മാറ്റം അനുസരിച്ച് ഈ കണക്കുകളില്‍ മാറ്റം വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഒരു എല്‍ഇഡി ലൈറ്റിനും മൊബൈല്‍ ചാര്‍ജ്ജിംഗ് പോയിന്റിനുമുള്ള സിംഗിള്‍ ഫേസ് വയറിംഗ് എന്നിവയാണ് സൗഭാഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഉപഭോക്താവിന്റെ വീടിന് സമീപം സര്‍വീസ് ലൈന്‍ വലിക്കാനില്ലെങ്കില്‍ പോസ്റ്റ് ഇടുന്നതിനുള്ള ചെലവും പദ്ധതിക്ക് കീഴില്‍ വകയിരുത്തുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com